'നമ്മുടെ കൈയിലിരുന്ന ഏറ്റവും വിലപിടിച്ച നിധി കാത്തു സൂക്ഷിക്കാൻ നമുക്ക് കഴിഞ്ഞില്ല...' മഹാത്മാഗാന്ധി വെടിയേറ്റ് മരിച്ചുവെന്നറിഞ്ഞ നിമിഷം കരഞ്ഞുകലങ്ങിയ കണ്ണും ഇടറിയ ശബ്ദവുമായി ബിർളാഹൗസിലേക്ക് കുതിച്ച ജവഹലാൽ നെഹ്റുവിന്റെ ആ ആദ്യപ്രതികരണം വെടിയൊച്ചയെക്കാൾ തീവ്രതയോടെ ഇന്നും കാതുകളിൽ മുഴങ്ങുന്നു. കാരണം അത് തുളച്ചുകയറിയത് മഹാത്മാവിന്റെ ശരീരത്തിലല്ല, ഭാരതത്തിന്റെ ആത്മാവിലായിരുന്നു. ദേശീയപ്രസ്ഥാനത്തിലൂടെ പടുത്തുയർത്തിയ ബഹുസ്വരതയുടെ, സമഭാവത്തിന്റെ, സഹിഷ്ണുതയുടെ, സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെ അസ്തിവാരത്തിലായിരുന്നു. അതിന്റെ പ്രതിസ്പന്ദനങ്ങൾ ഓരോ ദിവസവും ഭാരതത്തിന്റെ തെരുവുകളിൽ പലരൂപത്തിൽ നാം കണ്ടുകൊണ്ടിരിക്കുന്നു.
സ്വതന്ത്രഭാരതത്തിലെ ഏറ്റവും അഭിശപ്തമായ ആ ചരിത്രനിമിഷം സെക്രട്ടേറിയറ്റിലും ബിർളാഹൗസിലും പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനോടൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി എച്ച്.വി.ആർ.അയ്യങ്കാറുടെ ഈയിടെ പ്രസിദ്ധീകരിച്ച ആത്മകഥയിൽ ആ രംഗം ഇങ്ങനെ വിവരിക്കുന്നു:
'ജവഹർലാൽ നെഹ്‌റു കൊച്ചുകുട്ടിയെപ്പോലെ വിതുമ്പി. എന്തു ചെയ്യണമെന്നറിയാതെ അദ്ദേഹം പകച്ചുപോയി. കരഞ്ഞുകലങ്ങിയ കണ്ണും ഇടറിയ ശബ്ദവുമായി പൊതുജനമദ്ധ്യത്തിൽ ദുഃഖഭാരം കൊണ്ട് തലകുനിച്ചുനിന്നു. അതിനിടയിൽ അദ്ദേഹം രാഷ്ട്രത്തോട് ഒരു പ്രക്ഷേപണം നടത്തണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും അതിനുള്ള ഏർപ്പാടുകൾ പൂർത്തിയാക്കി. എന്നാൽ ഒരു വരി കുറിക്കാനോ ചിന്തകളെ അടുക്കിവയ്ക്കാൻ പോലുമോ കഴിയുന്ന അവസ്ഥയിലായിരുന്നില്ല നെഹ്‌റു. പ്രക്ഷേപണകേന്ദ്രത്തിലേക്കുള്ള യാത്രയിൽ പോലും അദ്ദേഹം തനിച്ചായിരുന്നില്ല. മൈക്കിനു മുമ്പിലിരുന്നപ്പോൾ ഒരു നിമിഷം അദ്ദേഹം ധ്യാനമഗ്നനായി. പിന്നെ അദ്ദേഹം ഹൃദയത്തിൽ നിന്ന് നേരിട്ട് സംസാരിക്കുകയായിരുന്നു.
'നമ്മുടെ ജീവിതത്തിൽ നിന്ന് ആ വെളിച്ചം പൊലിഞ്ഞുപോയി. എങ്ങും ഇരുട്ടുമാത്രം. എന്തു പറയണമെന്നോ എങ്ങനെ പറയണമെന്നോ എനിക്കറിയില്ല. ബാപ്പു എന്ന് നാം വിളിക്കുന്ന നമ്മുടെ പ്രിയനേതാവ്, രാഷ്ട്രപിതാവ് കഥാവശേഷനായി....ആ വെളിച്ചം പൊലിഞ്ഞു എന്നാണ് ഞാൻ പറഞ്ഞത്. അതിലെനിക്ക് തെറ്റുപറ്റി. അതൊരു സാധാരണ ദീപമല്ല. അനേക സംവത്സരങ്ങളായി ഈ രാജ്യത്ത് പ്രകാശിച്ചുകൊണ്ടിരുന്ന വെളിച്ചമാണ്. അതിനിയും അനേകസംവത്സരങ്ങൾ ഈ രാജ്യത്ത് അനുസ്യൂതം നിലനില്ക്കും. ആയിരമായിരമാണ്ടുകൾക്കപ്പുറം ലോകം ഈ രാജ്യത്ത് ആ വെളിച്ചം തന്നെ കാണുകയും അസംഖ്യം ഹൃദയങ്ങൾക്ക് അത് ആശ്വാസമേകുകയും ചെയ്യും. ആ വെളിച്ചം വർത്തമാനകാലത്തെയല്ല പ്രതിനിധാനം ചെയ്യുന്നത്. സജീവ സത്യത്തെയാണ്. അത് നമ്മെ നേർവഴി ഓർമ്മിപ്പിക്കുകയും അബദ്ധങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ഈ പ്രാചീനരാജ്യത്തെ ആത്യന്തിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്യും.' കാലം കഴിയുംതോറും തിളക്കമേറുകയാണ് ഗാന്ധിജിയുടെ ഓർമകൾക്കും പണ്ഡിറ്റ് നെഹ്റുവിന്റെ വാക്കുകൾക്കും.
ഗാന്ധിജിയുടെ അന്ത്യരംഗങ്ങളുടെ സ്വപ്നരൂപം ടാഗോർ വാക്കുകളിൽ ഇങ്ങനെ പകർത്തി:
'വിനാശോന്മുഖമായ കോപതാപങ്ങളോടെ അവർ അദ്ദേഹത്തിന്റെ മേൽ ചാടിവീഴുന്നു. ജീവസ്പന്ദനം നിലച്ച് നിലംപതിക്കുവോളം അവർ അദ്ദേഹത്തെ പ്രഹരിക്കുന്നു. മരിച്ചു മരവിച്ച ആ രൂപം കണ്ടപ്പോൾ പെട്ടെന്ന് അവർ നിശ്ചലരായി. സ്ത്രീകൾ പൊട്ടിക്കരഞ്ഞു. പുരുഷന്മാർ കൈകൾ കൊണ്ട് മുഖം പൊത്തി. ചിലർ തലതാഴ്ത്തി ഒളിച്ചുപോകാൻ ശ്രമിച്ചു. പരിഭ്രാന്തരായി പലരും ചോദിക്കുന്നു: നമുക്ക് ഇനി ആര് വഴികാട്ടിത്തരും? പൗരസ്ത്യനാട്ടിൽ നിന്ന് വന്ന ഒരു വയോധികൻ ശിരസുകുനിച്ചു മൊഴിഞ്ഞു: ബലിയർപ്പിക്കപ്പെട്ട ആ ജീവിതം' അതെ, അക്ഷരാർത്ഥത്തിൽ ഒരു സമർപ്പിത ജീവിതം. മൂന്ന് ദശകത്തിലധികം കാലം ഇന്ത്യൻ ദേശീയപ്രസ്ഥാനത്തെ നയിച്ച മഹാത്മാഗാന്ധി ഇന്ത്യക്കാർക്ക് ഒരു വികാരമാണ്; രാഷ്ട്രപിതാവാണ്. എന്നാൽ അതിനെക്കാളൊക്കെ ഉപരി അദ്ദേഹം ഇന്നൊരു വിശ്വപൗരനാണ്.
മനുഷ്യനിലും അവന്റെ നന്മയിലുമുള്ള അടിയുറച്ച വിശ്വാസമായിരുന്നു ഗാന്ധിയൻ ജീവിതദർശനത്തിന്റെ കാതൽ. ഇന്ത്യയുടെ മാത്രമല്ല, മാനവരാശിയുടെയാകെത്തന്നെ പ്രകാശമാണ് ഗാന്ധി. മനുഷ്യനെ മാത്രമല്ല, പ്രകൃതിയിലെ സകലജീവജാലങ്ങളെയും സ്‌നേഹിച്ച, പ്രകൃതിവിഭവങ്ങളെ കരുതലോടെ മാത്രം ഉപയോഗിക്കണമെന്ന് മാനവരാശിയെ പഠിപ്പിച്ച മാർഗദർശി. അധികാരപ്രമത്തതയും ഭരണകൂട ഭീകരതയും അക്രമങ്ങളും ചൂഷണവും അസഹിഷ്ണുതയും പെരുകിവരുന്ന ഈ കാലത്ത് അതിന്റെ പ്രസക്തി അനുദിനം വർദ്ധിച്ചു വരുന്നു.
(കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ ഡെപ്യൂട്ടി സ്പീക്കറുമാണ് ലേഖകൻ)