building

കൊയിലാണ്ടി: നഗരമദ്ധ്യത്തിൽ തകർന്നു വീഴാറായ കെട്ടിടം അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാൻ ശ്രമം. മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് പ്രവർത്തനം നടക്കുന്നതെന്ന് ആക്ഷേപം. ദേശീയപാതയുടെ കിഴക്ക് ഭാഗത്തായി കൈനാട്ടി ജംഗ്ഷനിലെ നാല് നിലകളുള്ള കെട്ടിടമാണ് അപകടഭീഷണിയിൽ നിൽക്കുന്നത്. വാർക്കപ്പണിക്ക് ഉപയോഗിച്ച കമ്പികൾ പുറത്ത് കാണാൻ കഴിയുന്ന അവസ്ഥയിലാണ്. സമീപത്തുള്ള കെട്ടിടങ്ങൾക്കും ഭീഷണിയാണ് ഈ കെട്ടിടം. പലയിടത്തും ഇരുമ്പ്തൂണുകൾ താങ്ങ് നൽകിയാണ് കെട്ടിടം നിൽക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി സ്ളാബ് തകർന്ന് വീണിരുന്നു. നിരവധി സ്ഥാപനങ്ങൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസ് ഉറപ്പായതോടെയാണ് കൊയിലാണ്ടി ടൗണിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാനുള്ള ശ്രമം വ്യാപകമായി നടക്കുന്നത്. നഗരസഭയുടെ അംഗീകാരമില്ലാതെയാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. വളരെ തിരക്കേറിയ ഇടത്താണ് ഈ കെട്ടിടം നിൽക്കുന്നത്. അറുപത് വർഷങ്ങൾ പഴക്കമുള്ളതാണ് ഈ കെട്ടിടം എന്ന് പറയുന്നു. മാസങ്ങൾക്ക് മുമ്പ് ആർ.ഡി.ഒ പൊളിച്ച് മാറ്റാൻ ഉത്തരവിട്ട കെട്ടിടം രാത്രി പുനർ നിർമ്മാണം നടന്നത് വാർത്തയായിരുന്നു. കെട്ടിടം പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് യുവജന സംഘടനകൾ സമര പ്രഖ്യാപനം നടത്തിയിരിക്കയാണ്. ഈ പശ്ചാത്തലത്തിലാണ് കെട്ടിട ഉടമകൾ തകർന്നു വീഴാറായ കെട്ടിടങ്ങൾ നവീകരിക്കാൻ ശ്രമിക്കുന്നത്.