pipe

തളിപ്പറമ്പ്: വഴിയാത്രക്കാർക്ക് നേരെ ചെളിയഭിഷേകവും അപകടവും പതിവായിട്ടും അധികൃതർ കണ്ണ് തുറക്കുന്നില്ല. തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാന പാതയോരത്ത് കരിമ്പത്ത് ജപ്പാൻ കുടിവെള്ള വിതരണ പൈപ്പ് പതിവായി പൊട്ടുന്നതാണ് പ്രശ്നം. കഴിഞ്ഞ 3 മാസത്തിനിടെ മാത്രം 4 തവണ പൈപ്പ് പൊട്ടി. വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡിലെ ചെളിവെള്ളം കാൽനടയാത്രക്കാരുടെ ദേഹത്തേക്കും കടകളുടെ ഉള്ളിലേക്കുമാണ് പതിക്കുന്നത്. പൈപ്പ് പൊട്ടിയ സ്ഥലത്ത് രൂപപ്പെട്ട കുഴിയിൽ വീണ് ഇരു ചക്ര വാഹനങ്ങളും കാറുകളും അപകടത്തിൽപ്പെടുന്നത് പതിവായതോടെ നാട്ടുകാർ മരകമ്പുകൾ നാട്ടിയിരിക്കുകയാണ്. കഴിഞ്ഞ മാർച്ചിലാണ് ഇവിടെ ആദ്യമായി പൈപ്പ് പൊട്ടിയത്. ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്ന് ആഴ്ച്ചകൾക്കുശേഷം പൈപ്പ് ശരിയാക്കി. ദിവസങ്ങൾക്കുള്ളിൽ വീണ്ടും പൈപ്പ് പൊട്ടി. പിന്നീട് ശരിയാക്കിയ പൈപ്പ് കഴിഞ്ഞ ആഗസ്തിൽ വീണ്ടും പൊട്ടി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ശരിയാക്കിയ പൈപ്പ് നാലു ദിവസത്തിനു ശേഷം വീണ്ടും പൊട്ടി. ഈ പൈപ്പിലൂടെ മുന്നു മാസത്തോളമായി വെള്ളം പുറത്തേക്ക് ഒഴുകി കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ 3 മാസത്തിനിടയിൽ നിരവധി തവണ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചെങ്കിലും പൈപ്പ് ഇത് വരെ
ശരിയാക്കാൻ തയ്യാറായിട്ടില്ല. ദിവസേന ആയിരക്കണക്കിന് ലിറ്റർ വെള്ളം നഷ്ടമാകുന്നതും ഇവിടെയുള്ള കുഴിയിൽ വീണ് വാഹനങ്ങൾ വലിയ അപകടത്തിൽപ്പെടുന്നതും ഒഴിവാക്കാൻ അധികാരികൾ പെട്ടെന്ന് ഇടപെടണമെന്നാണ് ആവശ്യം.