
നീലേശ്വരം: കരിന്തളം വാട്സ്അപ്പ് കൂട്ടായ്മ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ബഹിഷ്കരിച്ച സംഭവത്തിൽ സി.പി.എമ്മിനകത്ത് വിവാദത്തിന് തിരികൊളുത്തി. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. രവി, വൈസ് പ്രസിഡന്റ് ടി.പി. ശാന്ത, പതിനഞ്ചാം വാർഡിൽ നിന്നും വിജയിച്ച ഉമേശൻ വേളൂർ, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ നിന്നാണ് ഇരുവരും വിട്ടു നിന്നത്.
പതിനഞ്ചാം വാർഡിലെ രാഷ്ട്രീയ സാമുദായിക വ്യത്യാസമില്ലാതെ ഭൂരിപക്ഷം ആളുകളും പരിപാടി സംഘടിപ്പിച്ച വാട്സ്ആപ്പ് കൂട്ടായ്മയിൽ അംഗങ്ങളാണ്. ഇതിൽ ഭൂരിഭാഗവും സി.പി.എം. അനുഭാവികളാണ്. എന്നിട്ടും ഇരുവരും പരിപാടിയിൽ എത്താത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.
ഭാരവാഹികൾ ഇരുവരെയും നേരിൽ കണ്ട് ക്ഷണിച്ചിരുന്നു. രാവിലെ നിശ്ചയിച്ച പരിപാടി ഇവരുടെ സൗകര്യാർത്ഥമാണ് വൈകീട്ടേക്ക് മാറ്റിയത്. എന്നാൽ പ്രാദേശിക പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇരുവരും മാറിനിന്നതെന്ന് പറയുന്നു. പതിനഞ്ചാം വാർഡ് മെമ്പർ ഉമേശൻ വേളൂർ -പ്രസിഡന്റ്, രഞ്ജി രാജ് കരിന്തളം- സെക്രട്ടറി, ബി.ജെ.പി. നേതാവ് എ.വി. ദാമോദരൻ ഖജാൻജിയുമായ കമ്മറ്റിയാണ് വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്.
കൂട്ടായ്മ ഉദ്ഘാടനം ചെയ്തത് മുൻ പഞ്ചായത്ത് പ്രസിഡന്റ് എം. വിധുബാലയായിരുന്നു. എന്നാൽ ഏരിയ കമ്മിറ്റി അംഗമായ പാറക്കോൽ രാജനും ലോക്കൽ കമ്മിറ്റി സെക്രട്ടറി കയനി മോഹനനും ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കളും ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. എങ്കിലും വൻ ജനാവലി പരിപാടിയ്ക്കെത്തി. പരിപാടി പൊളിക്കാൻ ലക്ഷ്യമിട്ട് തൊട്ടടുത്ത് തന്നെ ഡി.വൈ.എഫ്.ഐ യുടെ പൊതു പരിപാടി സംഘടിപ്പിച്ചിരുന്നുവെങ്കിലും വാട്സ് അപ്പ് കൂട്ടായ്മയുടെ പരിപാടിയിൽ വൻ ആൾക്കാർ എത്തി. സി.പി.എമ്മിന്റെ കുത്തകയായ കരിന്തളം വാർഡിൽ പാറക്കോൽ രാജൻ കോൺഗ്രസിലെ ഉമേശൻ വേളൂരിനോട് പരാജയപ്പെടാൻ കാരണം വാട്സ്ആപ്പ് ഗ്രൂപ്പാണെന്ന കണ്ടെത്തലാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. എന്നാൽ തങ്ങൾ കൂടി ഉൾപ്പെട്ട വാട്സ്ആപ് കൂട്ടായ്മയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും ടി.കെ.രവിയും ടി.പി.ശാന്തയും വിട്ടുനിന്നത് ഒരു വിഭാഗം സി.പി.എം. പ്രവർത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്.