ബോംബെ ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ച് പുറപ്പെടുവിച്ച ഒരു വിവാദ വിധി ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞ ദിവസം പ്രാഥമിക വാദം പോലും കേൾക്കാതെ കൈയോടെ സ്റ്റേ ചെയ്തത് നീതിബോധമുള്ള സകലരെയും അത്യധികം ആഹ്ളാദിപ്പിക്കും. സാമാന്യ നീതിബോധത്തെപ്പോലും ചോദ്യം ചെയ്യുന്നതും പെൺകുട്ടികളുടെ മാനം രക്ഷിക്കാനായി മാത്രം കൊണ്ടുവന്ന 'പോക്‌സോ" നിയമത്തെത്തന്നെ പരിഹസിക്കുന്നതുമാണ് സ്റ്റേ ചെയ്യപ്പെട്ട നാഗ്‌പൂർ ഹൈക്കോടതി ബെഞ്ചിന്റെ വിധി. ഉടുതുണിക്കു പുറത്തുകൂടിയുള്ള ലൈംഗികാതിക്രമം പോക്‌സോ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും ലൈംഗികോദ്ദേശ്യത്തോടെ നേരിട്ടുള്ള ശാരീരിക സ്പർശനമുണ്ടായാലേ നിയമം ബാധകമാക്കാനാവുകയുള്ളൂ എന്നതായിരുന്നു ഹൈക്കോടതി വിധിയിലെ വിവാദപരമായ പരാമർശം. പന്ത്രണ്ടുവയസുള്ള ഒരു പെൺകുട്ടിയുടെ മാറിൽ കടന്നുപിടിക്കുകയും വിവസ്ത്രയാകാൻ നിർബന്ധിക്കുകയും ചെയ്ത 39 കാരനെതിരെ പോക്സോ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തത്. വിചാരണ കോടതി പ്രതിക്കു മൂന്നുവർഷം തടവുശിക്ഷയും വിധിച്ചു. ഇതിനെതിരെ സമർപ്പിച്ച അപ്പീൽ ഹർജി തീർപ്പാക്കവെയാണ് ഹൈക്കോടതിയുടെ വിവാദ പരാമർശമുണ്ടായത്. പെൺകുട്ടി വിവസ്ത്രയല്ലാതിരുന്നതിനാൽ പ്രതിയെ പോക്സോ പ്രകാരം ശിക്ഷിക്കാനാവില്ലെന്നും സ്ത്രീത്വത്തെ അപമാനിച്ചതിന് ബന്ധപ്പെട്ട ഐ.പി.സി പ്രകാരമുള്ള ശിക്ഷയേ നൽകാനാവൂ എന്നുമായിരുന്നു ഹൈക്കോടതി തീർപ്പ്. സെഷൻസ് കോടതി വിധിച്ച മൂന്നുവർഷത്തെ തടവുശിക്ഷ ഒരുവർഷമായി കുറയ്ക്കുകയും ചെയ്തു. ഇക്കഴിഞ്ഞ 19-നു വിധി പുറത്തുവന്ന ഉടനെ ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ബാലികമാർക്കു വേണ്ടിയുള്ള സംഘടനകളും വനിതാ സംഘടനകളും അഭിഭാഷകരും നിയമജ്ഞരുമൊക്കെ ഹൈക്കോടതിയുടെ വിവാദ വിധിക്കെതിരെ രംഗത്തുവന്നു. ബുധനാഴ്ച സുപ്രീംകോടതി നടപടികൾ ആരംഭിച്ചപ്പോൾത്തന്നെ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പ്രശ്നം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തി ഉടനടി പരമോന്നത കോടതിയുടെ ഇടപെടലിന് അഭ്യർത്ഥന നടത്തുകയും ചെയ്തു. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയുടെ ആഘാതം ബോദ്ധ്യപ്പെട്ട ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തത്സമയം തന്നെ വിവാദവിധി സ്റ്റേ ചെയ്യുകയും പ്രതിയെ രണ്ടാഴ്ചയ്ക്കകം ഹാജരാക്കി ജയിലിലടയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഉടുപ്പണിഞ്ഞ ഒരു പെൺകുട്ടിയെ സ്പർശിക്കുകയോ ഗൂഢോദ്ദേശ്യത്തോടെ തന്നിലേക്ക് വലിച്ചടുപ്പിക്കുകയോ ചെയ്താലും പോക്സോ നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാകില്ലെന്ന വിചിത്ര വിധിയെ നിയമ ബോധമുള്ളവർ മാത്രമല്ല സമൂഹം ഒന്നടങ്കം ചോദ്യം ചെയ്യുന്നതാണ്. പിഞ്ചുകുഞ്ഞുങ്ങൾ പോലും അതിക്രൂരമായ നിലയിൽ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കാപാലികന്മാർക്ക് നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടാനുള്ള വഴിയൊരുക്കേണ്ടത് സാധാരണക്കാരന്റെ അവസാനത്തെ അത്താണിയായ നീതിപീഠങ്ങളാകരുത്. നാഗ്‌പൂർ ബെഞ്ചിന്റെ വിധി അതേപടി ചരിത്ര താളുകളിൽ കിടന്നാൽ സംഭവിക്കാവുന്ന അത്യാപത്ത് ബോദ്ധ്യപ്പെട്ടതു കൊണ്ടുതന്നെയാകണം പരമോന്നത കോടതി ഒരുനിമിഷം കളയാതെ വിവാദ ഉത്തരവ് സ്റ്റേ ചെയ്തത്.
മോശം ഉദ്ദേശ്യത്തോടെയുള്ള തുറിച്ചുനോട്ടവും ലൈംഗികച്ചുവയോടെയുള്ള സംസാരവും വരെ ശിക്ഷാർഹമായ രാജ്യത്ത് പന്ത്രണ്ടുകാരിയെ പേരയ്ക്ക നൽകാമെന്നു പ്രലോഭിപ്പിച്ചു വീട്ടിൽ കൊണ്ടുപോയി മാറത്തു കടന്നുപിടിക്കുകയും ഉടുപ്പ് അഴിച്ചുമാറ്റാൻ നിർബന്ധിക്കുകയും ചെയ്ത നരാധമന് പരമാവധി ശിക്ഷ നൽകേണ്ടതിനു പകരം ശിക്ഷാ ഇളവു നൽകിയതിലെ നീതിശാസ്ത്രം ഉൾക്കൊള്ളാൻ വിഷമമാണ്. പോക്സോ നിയമത്തിന്റെ ലക്ഷ്യത്തെപ്പോലും അവഗണിക്കുന്ന ഒരു തീർപ്പ് ഉന്നതമായ ഒരു നീതിപീഠത്തിൽ നിന്നുതന്നെ ഉണ്ടായതാണ് ഏറെ അതിശയം. പരമോന്നത കോടതി ഇനി ഈ കേസിൽ എന്തുപറയുമെന്നാകും രാജ്യം ഉറ്റുനോക്കുന്നത്. പോക്സോ നിയമത്തിൽ അഥവാ വല്ല പഴുതുകളും ശേഷിക്കുന്നുവെങ്കിൽ അതിന് സത്വരമായ പരിഹാരം കാണേണ്ടതുണ്ട്. പാർലമെന്റും നീതിപീഠവും ആ ചുമതല ഏറ്റെടുക്കുകയും വേണം.
കുട്ടികൾക്കെതിരായ ഏതുതരത്തിലുള്ള ലൈംഗികാതിക്രമവും നിലവിൽ പോക്സോ വകുപ്പനുസരിച്ചാണ് കൈകാര്യം ചെയ്യുന്നത്. കഠിന ശിക്ഷാവിധികൾ ഉണ്ടായിട്ടുപോലും അതിക്രമങ്ങൾക്ക് കുറവൊന്നുമില്ലെന്നതാണ് എടുത്തുപറയേണ്ട കാര്യം. നാഗ്‌പൂർ ബെഞ്ചിന്റെ വിവാദ വിധിയും നിരീക്ഷണങ്ങളും അതേപടി നിലനിന്നാലുണ്ടാകാവുന്ന ദുരിതമത്രയും സഹിക്കേണ്ടിവരുന്നത് ഈ രാജ്യത്തെ പെൺകുട്ടികളും സ്ത്രീകളുമായിരിക്കും. പൗരന്റെ നീതിബോധത്തെ തകർക്കുന്ന തരത്തിലാകരുത് നീതിപീഠങ്ങളിൽ നിന്നുണ്ടാകുന്ന ഉത്തരവുകൾ. പോക്സോ നിയമത്തിന്റെ അന്തസ്സത്തയെ ഹനിക്കുംവിധമുള്ള പരാമർശങ്ങൾ പോലും അപകടകരമായ സന്ദേശമാകും സമൂഹത്തിനു നൽകുന്നത്.
സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ മുമ്പും കോടതികളിൽ നിന്ന് വിവാദ വിധികൾ ഉണ്ടായിട്ടുണ്ട്. ബലാത്സംഗ കേസിലെ പ്രതിയെക്കൊണ്ട് ഇരയെ വിവാഹം ചെയ്യിച്ച് ശിക്ഷാ ഇളവു നൽകാൻ മുതിർന്ന സംഭവം ഓർത്തുപോകുന്നു. കേരളത്തെ നടുക്കിയ വാളയാർ പോക്സോ കേസ് വിചാരണ നടന്ന പോക്സോ കോടതി കാണിച്ച അലംഭാവത്തെ അപ്പീലിൽ ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചത് ഈ അടുത്തകാലത്താണ്. പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്ന ജഡ്ജിമാർക്ക് പ്രത്യേക പരിശീലനം നൽകാൻ ഏർപ്പാടുണ്ടാക്കണമെന്നുവരെ കോടതി അഭിപ്രായപ്പെട്ടിരുന്നു. ലാഘവത്തോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യരുതെന്ന് ഓർമ്മിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെയെല്ലാം പറയേണ്ടിവരുന്നത്. അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്കു നീതി ലഭിക്കുക എന്നതാണ് പരമപ്രധാനം. അതിക്രമം നടക്കുമ്പോൾ ബാലികയുടെ ദേഹത്ത് ഉടുപ്പുണ്ടായിരുന്നതിനാൽ ലൈംഗികാതിക്രമമാകില്ലെന്ന നിരീക്ഷണം പോക്സോ നിയമത്തിന്റെ തലനാരിഴ കീറിക്കൊണ്ടുള്ളതു തന്നെയാകാം. എന്നാൽ സ്‌ത്രീത്വത്തിലും പെൺകുട്ടികളുടെ സുരക്ഷയിലും വിശ്വാസമർപ്പിച്ചു കഴിയുന്ന സാമാന്യ മനുഷ്യർക്ക് ഇത്തരം കണ്ടെത്തലുകൾ ദഹിക്കുകയില്ല.