kathi-nashicha-nilayil

കല്ലമ്പലം: വീട്ടുമുറ്റത്ത് സ്കൂട്ടർ കത്തി നശിച്ച നിലയിൽ. പള്ളിക്കൽ പ്ലാച്ചിവിള കൊച്ചുകോണത്ത് പുത്തൻ വീട്ടിൽ സനിതയുടെ സ്കൂട്ടറാണ് കഴിഞ്ഞദിവസം കത്തിനശിച്ചത്. 24 ന് രാത്രിയും സ്കൂട്ടറിൽ ഭാഗീകമായി തീ പിടിച്ചിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധിച്ചെങ്കിലും വൈദ്യുതി യൂണിറ്റിൽ നിന്നുള്ള തകരാറാണ് തീപിടിക്കാൻ കാരണമെന്നാണ് കണ്ടെത്തിയത്. വീണ്ടും കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് സ്കൂട്ടർ കത്തുന്നത് വീട്ടുകാർ കണ്ടത്. സ്കൂട്ടർ പൂർണമായും കത്തി നശിച്ച നിലയിലാണ്. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതികളിലെ സജീവ അംഗമാണ് സനിത. സംഭവത്തിൽ ദുരൂഹതയുള്ളതായി ബ്ലോക്ക്‌ പഞ്ചായത്തംഗം എ. നിഹാസ്, വാർഡംഗം മുബാറക് എന്നിവർ ആരോപിച്ചു. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പള്ളിക്കൽ പൊലീസ് അറിയിച്ചു.