croc

ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഉരഗങ്ങളാണ് മുതലകൾ. മുതലകളിൽ തന്നെ നീളംകൂടുതൽ കായൽ മുതലകൾ എന്നു വിളിക്കുന്ന സാൾട്ട് വാട്ടർ ക്രോക്കഡൈലുകൾക്കാണ് (Saltwater Crocodile). കണ്ടൽക്കാടുകൾ, ചതുപ്പ് പ്രദേശങ്ങൾ, നദികൾ തുടങ്ങി ലവണാംശമുള്ള വെള്ളത്തിൽ ജീവിക്കുന്നവയാണിവ. സാധാരണയായി, ഏകദേശം 1,200 കിലോഗ്രാമോളം ഭാരം വയ്ക്കാറുണ്ട് ഇവയ്ക്ക്. മൂക്ക് മുതൽ വാലറ്റം വരെ 20 അടിയോളവും ചിലപ്പേൾ അതിൽ കൂടുതലും നീളം വയ്ക്കാം. നൈൽ മുതലകൾക്കാണ് വലിപ്പത്തിൽ രണ്ടാം സ്ഥാനം.

അതേ സമയം, നീളത്തിൽ സാൾട്ട് വാട്ടർ ക്രോക്കഡൈലുകളെ വെല്ലാൻ ശേഷിയുള്ള ഉരഗങ്ങൾ ദക്ഷിണേഷ്യയിൽ കണ്ടുവരുന്ന പെരുമ്പാമ്പുകളായ റെറ്റിക്കുലേറ്റഡ് പൈത്തണുകളാണ്. 20 അടിയിലേറെ നീളം വയ്ക്കാറുള്ള ഇക്കൂട്ടരിൽ 1912ൽ ഇന്തോനേഷ്യയിലെ സുലവേസിയിൽ നിന്ന് കണ്ടെത്തിയ ഒന്നിന്റെ നീളം 32 അടി 9.5 ഇഞ്ചായിരുന്നു. !

 ലോകത്ത് ഇതുവരെ മനുഷ്യർ കീഴടക്കി കൂട്ടിലാക്കിയ ഏറ്റവും നീളം കൂടിയ മുതലയാണ് ' ലോലോംഗ് '. പിടിക്കപ്പെടുമ്പോൾ 20 അടി 2.91 ഇഞ്ചായിരുന്നു ലോലോംഗിന്റെ ആകെ നീളം. സാൾട്ട് വാട്ടർ ക്രോക്കഡൈൽ ഇനത്തിൽപ്പെട്ട ലോലോംഗിനെ 2011ൽ ഫിലിപ്പീൻസിലെ ബുനാവനിൽ നിന്നാണ് പിടികൂടിയത്. ബുനാവനിലെ എകോ പാർക്ക് ആൻഡ് റിസേർച്ച് സെന്ററിൽ പ്രത്യേകം നിർമിച്ച കൂട്ടിലാണ് ലോലോംഗിനെ പാർപ്പിച്ചിരുന്നത്. ഏകദേശം 1,075 കിലോയോളം ഭാരം ലോലോംഗിനുണ്ടായിരുന്നു. 2013 ഫെബ്രുവരി 10നാണ് ലോലോംഗ് ചത്തത്. നിരവധി മൃഗങ്ങളെയും രണ്ട് മനുഷ്യരെയും അകത്താക്കിയ ലോലോംഗിനെ രണ്ട് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് പിടിയിലാക്കിയത്.

 നിലവിൽ ലോകത്ത് ജീവിച്ചിരിക്കുന്നതിൽ, മനുഷ്യർ പിടികൂടി പാർപ്പിച്ചിരിക്കുന്നതിൽ ഏറ്റവും നീളം കൂടിയ മുതല ' കാഷ്യസ് ' ആണ്. ഏകദേശം 100 വയസിനു മുകളിൽ കാഷ്യസിന് പ്രായമുണ്ടെന്ന് കരുതപ്പെടുന്നു. 17 അടി 11 ഇഞ്ചാണ് കാഷ്യസിന്റെ നീളം. വടക്കൻ ഓസ്ട്രേലിയയിൽ നിന്ന് 1987ലാണ് കാഷ്യസിനെ പിടികൂടിയത്. പിന്നീട്, ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലുള്ള മറൈൻലാൻഡ് പാർക്കിലേക്ക് മാറ്റി. കാഷ്യസ് ഇപ്പോഴും ഇവിടെയാണുള്ളത്. ലോകത്ത് ഇതുവരെ മനുഷ്യർ കീഴടക്കി കൂട്ടിലാക്കിയ ഏറ്റവും നീളം കൂടിയ മുതല എന്ന റെക്കോർഡ് 2011ൽ കാഷ്യസിന് ലഭിച്ചിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ ലോലോംഗ് പിടിക്കപ്പെട്ടതോടെ കാഷ്യസിന് റെക്കോർഡ് നഷ്ടമായി. ലോലോംഗ് ചത്തതിനാൽ നിലവിൽ മനുഷ്യർ പരിപാലിക്കുന്ന ഏറ്റവും നീളംകൂടിയ മുതല കാഷ്യസ് ആണ്. ഇതിഹാസ ബോക്സിംഗ് താരം മുഹമ്മദ് അലിയുടെ ആദ്യ പേരായിരുന്ന കാഷ്യസ് ക്ലേയിൽ നിന്നാണ് കാഷ്യസിന് ഇങ്ങനെയൊരു പേര് ലഭിച്ചത്.

 സാൾട്ട് വാട്ടർ ക്രോക്കഡൈലുകളേക്കാൾ ഭീകരന്മാരായിരുന്നു അവരുടെ മൺമറഞ്ഞുപോയ പൂർവികർ. ' സാർക്കോസൂക്കസ് ഇംപെരേറ്റർ (Sarcosuchus imperator )' എന്ന ആ മുതല മുത്തച്ഛന്റെ നീളം ഏകദേശം 40 അടിയോളം വരുമായിരുന്നത്രെ.! ഭാരം ഏകദേശം 8 ടൺ ഉണ്ടായിരുന്നത്രെ. ലോലോംഗിന്റെ ഇരട്ടിനീളം ഈ മുതലമുത്തച്ഛൻമാർക്കുണ്ടായിരുന്നുവെന്നർത്ഥം. ഇപ്പോഴത്തെ മുതലകളുമായി ഏറ്റവും അടുപ്പമുള്ളവയാണിവ. ' സൂപ്പർ - ക്രോക്ക് ' എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത് പോലും. ഏകദേശം 112 മില്യൺ വർഷത്തോളം മുമ്പ് മദ്ധ്യ - ക്രിറ്റേഷ്യസ് യുഗത്തിൽ ജീവിച്ചിരുന്ന സാർക്കോസൂക്കസ് ഇംപെരേറ്ററിന്റെ ഫോസിൽ ആഫ്രിക്കയിൽ നിന്നാണ് ആദ്യം കണ്ടെത്തിയത്. കോടാനുകോടി വർഷങ്ങൾക്കുമുമ്പ് ദിനോസറുകളെ വരെ അകത്താക്കുന്ന കൂറ്റൻ മുതല വർഗങ്ങൾ ഭൂമിയിൽ വിഹരിച്ചിരുന്നു.

 മനുഷ്യരെ വിറപ്പിച്ച നരഭോജി മുതലകളും ലോകത്തേറെയാണ്. അക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തനാണ് ആഫ്രിക്കൻ രാജ്യമായ ബുറുണ്ടിയുടെ പേടി സ്വപ്‌നമായ 'ഗുസ്തേവ്'. ഏകദേശം 18 അടിയിലേറെ നീളവും, 2,000 പൗണ്ടിലധികം (910 കിലോ) ഭാരവും ടാംഗനിക നദിയിൽ ജീവിക്കുന്ന നൈൽ മുതലയായ ഗുസ്തേവിനുണ്ടെന്നാണ് പറയപ്പെടുന്നത് ( ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല ). ഇതുവരെ 300 ലേറെ പേരെ ഗുസ്തേവ് കൊന്നത്രെ. ! എന്നാൽ ഇത് കൃത്യമായി കണക്കാക്കപ്പെട്ടിട്ടില്ല. വലയിലാക്കാൻ എത്തുന്നവരെ പോലും അകത്താക്കുന്ന ഗുസ്തേവിന് മനുഷ്യനെ വേട്ടയാടാൻ അസാധാരണ താത്പര്യമാണ്. ഗുസ്തേവിന്റെ തലയിൽ വെടിയേറ്റ പോലെ ഒരു വലിയ പാടുണ്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

പാട്രിസ് ഫേയ് എന്ന ഗവേഷകനാണ് ഗുസ്തേവിന് ഈ പേര് നൽകിയത്. 1990കൾ മുതൽ ഗുസ്തേവിനെ പറ്റി ഗവേഷണങ്ങൾ ആരംഭിച്ച പാട്രിസ് ഫേയ് 2004ൽ 'കാപ്ച്ചറിംഗ് ദ കില്ലർ ക്രോക് ' എന്ന ഡോക്യുമെന്ററി ചിത്രവും പുറത്തിറക്കിയിരുന്നു. 60 ലധികം പ്രായം വരുന്ന ഗുസ്തേവിന് അസാമാന്യ വലിപ്പമുണ്ടാകാമെന്നാണ് ഗവേഷകർ പറയുന്നത്. അതേ സമയം, ഗുസ്തേവ് ഒരു സാധാരണ മുതലയല്ലെന്നും മൺമറഞ്ഞ ഏതോ ചരിത്രാതീത ഉരഗ വർഗത്തിലെ അവശേഷിച്ച ജീവിയാണെന്നും ചിലർ വാദിക്കുന്നു. 2015 ജൂണിലാണ് ഗുസ്തേവിനെ അവസാനമായി കണ്ടതെന്നാണ് റിപ്പോർട്ട്. അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട് മനുഷ്യരെ വേട്ടയാടുകയും പിന്നീട് അപ്രത്യക്ഷനാവുകയും ചെയ്യുന്ന ഗുസ്തേവ് നാട്ടുകാരുടെ പേടി സ്വപ്നമാണ്. ഗുസ്തേവ് ഇന്ന് ജീവനോടെ ഉണ്ടോ എന്നും ആർക്കും അറിവില്ല.