സിനിമാരംഗത്തെ നിർമ്മാണ കാര്യദർശികളുടെ നിരയിലെ സൂപ്പർതാരമായിരുന്നു കെ. ആർ. ഷൺമുഖം.
അറിയുന്നവരും അടുപ്പമുള്ളവരും സ്നേഹാദരങ്ങളോടെ ഷൺമുഖ അണ്ണനെന്ന് വിളിച്ചിരുന്ന കെ.ആർ. ഷൺമുഖത്തിന്റെ വേർപാടിന് ഇന്നലെ ഒരു വർഷം പൂർത്തിയായി.
സിനിമാരംഗത്തെ നിർമ്മാണ കാര്യദർശികളിലെ സൂപ്പർതാരമായിരുന്ന ഷൺമുഖം അണ്ണൻ പതിനഞ്ചാം വയസിലാണ് ദക്ഷിണേന്ത്യൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. എൺപത്തിരണ്ടാം വയസിൽ മരിക്കുമ്പോൾ എണ്ണൂറോളം സിനിമകൾക്ക് വേണ്ടി ഷൺമുഖ അണ്ണൻ നിർമ്മാണ നിയന്ത്രണം നിർവഹിച്ച് കഴിഞ്ഞിരുന്നു. ഇത് കൂടാതെ ഒരു ഡസനിലേറെ ടെലിസീരിയലുകൾക്കും ചുക്കാൻ പിടിച്ചു.
എം.ജി.ആർ നായകനായ വാളെടുത്തവൻ വാളാൽ എന്ന തമിഴ് ചിത്രത്തിലൂടെ തുടക്കം കുറിച്ച ഷൺമുഖ അണ്ണൻ നിർമ്മാണ മേൽനോട്ടം നിർവഹിച്ച ആദ്യ മലയാള ചിത്രം കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ 1962-ൽ പുറത്തിറങ്ങിയ കടൽപ്പാലമാണ്.
പ്രശസ്ത സംവിധായകൻ ജോഷിയുടെ ഒട്ടുമിക്ക ചിത്രങ്ങളുടെയും നിർമ്മാണ നിയന്ത്രണം നിർവഹിച്ചത് ഷൺമുഖം അണ്ണനായിരുന്നു. ജോഷിയുടെ കരിയർ ബെസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ന്യൂഡൽഹിയുടെ തെലുങ്ക്, കന്നട പതിപ്പുകളുടെയും നിർമ്മാണ കാര്യദർശി ഷൺമുഖ അണ്ണനായിരുന്നു.
മലയാള സിനിമയിലെ പ്രമുഖ നിർമ്മാണക്കമ്പനികളായിരുന്ന ജൂബിലി പ്രൊഡക്‌ഷൻസിന്റെയും സെൻട്രൽ പ്രൊഡക്‌ഷൻസിന്റെയും ജഗൻ പിക്‌ചേഴ്സിന്റെയും സെഞ്ച്വറിയുടെയും കോക്കേഴ്സിന്റെയുമൊക്കെ സിനിമ കളുടെ സ്ഥിരം പ്രൊഡക്‌ഷൻ ട്രോളറായിരുന്നു ഷൺമുഖ അണ്ണൻ തുളസിദാസ് സംവിധാനം ചെയ്ത മിസ്റ്റർ ബ്രഹ്മചാരി എന്ന മോഹൻലാൽ ചിത്രത്തിന് വേണ്ടിയാണ് ഒടുവിൽ പ്രവർത്തിച്ചത്. സത്യൻ മുതൽ ദിലീപ് വരെയുള്ള നായകന്മാരുടെ സിനിമകളുടെ നിർമ്മാണ മേൽനോട്ടം നിർവഹിച്ച ഷൺമുഖ അണ്ണൻ എന്നും നിർമ്മാതാക്കൾക്കൊപ്പമാണ് നിലകൊണ്ടത്. ഒരു താരവും ഷൺമുഖ അണ്ണന്റെ വാക്കിനപ്പുറം പോയില്ല.
വടക്കുനോക്കിയന്ത്രം, തനിയാവർത്തനം, മഴവിൽക്കാവടി, സന്മനസുള്ളവർക്ക് സമാധാനം, സംഘം, നിറക്കൂട്ട്, ശ്യാമ, നാടോടിക്കാറ്റ്, ധ്രുവം, ചക്കരയുമ്മ, പഞ്ചാബി ഹൗസ് എന്നിവ ഷൺമുഖ അണ്ണൻ പ്രൊഡക്‌ഷൻ കൺട്രോളറായി പ്രവർത്തിച്ച പ്രധാന ചിത്രങ്ങളിൽ ചിലതാണ്.
ഒരുപാട് താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും മലയാള സിനിമയ്ക്ക് പരിചപ്പെടുത്തിയ ഷൺമുഖ അണ്ണൻ തമിഴ‌്നാട്ടിലെ തേങ്ങാപ്പട്ടണത്തിൽ 1936 മാർച്ച് 30ന് ആണ് ജനിച്ചത്. 2020 ജനുവി 28-ന് ചെന്നൈയിൽ വച്ച് നിര്യാതനായി.