തിരുവനന്തപുരം: അപവാദ പ്രചാരണവും ആരോപണവും പേടിച്ച് ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് പദ്ധതിയിൽ നിർമ്മിച്ച 2.5 ലക്ഷം വീടുകളുടെ പ്രഖ്യാപനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്ന കേരളചരിത്രത്തിലെ സമാനതകളില്ലാത്ത പാർപ്പിടവികസനമാണ് ലൈഫിലൂടെ നടപ്പാക്കിയത്.
ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിൽ 85 ഭവനസമുച്ചയങ്ങൾക്ക് ഭൂമി കണ്ടെത്തിയിട്ടുണ്ട്. അതിൽ 52 എണ്ണത്തിന്റെ പണി പുരോഗമിക്കുകയാണ്. അഞ്ചു സമുച്ചയങ്ങൾ രണ്ടു മാസത്തിനുള്ളിലും 32 എണ്ണം മേയിലും പൂർത്തിയാക്കും. ധാരാളം പേർ ഇപ്പോഴും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നുണ്ട്. ഇവർക്കും നല്ലരീതിയിൽ അന്തിയുറങ്ങാനുള്ള സാഹചര്യമൊരുക്കാൻ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി 14 ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്നുണ്ട്.
നാടിനുണ്ടാകുന്ന നേട്ടങ്ങളെ ഇടിച്ചുതാഴ്ത്താനും ജനങ്ങൾക്കുണ്ടാകുന്ന സൗകര്യങ്ങളെ അപഹസിക്കാനും വലിയ നുണപ്രചാരണം നടത്താൻ ഒരു കൂട്ടർ ശ്രമിക്കുന്നുണ്ട്. അതൊന്നും ചെലവാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശസ്ഥാപനതല ഗുണഭോക്തൃ സംഗമത്തിന്റെയും അദാലത്തിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ലൈഷൻ സി.ഇ.ഒ. യു.വി ജോസ് തുടങ്ങിയവർ പങ്കെടുത്തു.
ഭാവി കേരളത്തിനായി കേരള
ലുക്സ് എ ഹെഡ് സമ്മേളനം
തിരുവനന്തപുരം: ഭാവി കേരളത്തിന്റെ സൃഷ്ടിക്ക് ദിശാബോധം നൽകുന്ന ഒൻപതു സുപ്രധാന മേഖലകളിലെ പരിപാടികൾ നിർദ്ദേശിക്കാൻ സംസ്ഥാന ആസൂത്രണ ബോർഡ് 'കേരള ലുക്സ് എ ഹെഡ്' എന്ന രാജ്യാന്തര സമ്മേളനം ഫെബ്രുവരി ഒന്നു മുതൽ മൂന്നു വരെ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോകപ്രശസ്തരായ വിദഗ്ധർ പങ്കെടുക്കുന്ന സമ്മേളനം ഓൺലൈനായാണ് നടത്തുന്നത്. രാജ്യാന്തര തലത്തിൽ പങ്കാളിത്തം ഉറപ്പാക്കുന്ന തരത്തിലുള്ള ഉന്നതവിദ്യാഭ്യാസം, ആധുനിക വ്യവസായ സാധ്യതകൾ, നൈപുണ്യ വികസനം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം, ടൂറിസം, വിവരസാങ്കേതിക വിദ്യ, ഇ -ഗവേണൻസ് എന്നിവയ്ക്ക് പുറമെ തദ്ദേശഭരണം, ഫെഡറലിസം, വികസനോന്മുഖ ധനവിനിയോഗം എന്നീ വിഷയങ്ങളും ചർച്ച ചെയ്യും. കൊവിഡിൽ നഷ്ടപ്പെട്ട തൊഴിലും തൊഴിലവസരങ്ങളും വീണ്ടെടുക്കണമെങ്കിൽ ആധുനിക ശാസ്ത്ര സാങ്കേതിക രംഗത്തെ തൊഴിലവസരങ്ങളും നൂതന തൊഴിൽ സംരംഭങ്ങളുടെ പ്രോത്സാഹനവും അടിസ്ഥാന സൗകര്യ വികസനവും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാനാകണം.
വിശ്രുത സാമ്പത്തിക വിദഗ്ധനും നോബൽ സമ്മാന ജേതാവുമായ പ്രൊഫ. അമർത്യാ സെൻ, സാമ്പത്തിക നോബേൽ സമ്മാന ജേതാവ് പ്രൊഫ. ജോസഫ് സ്റ്റിഗ്ലിറ്റ്സ്, വ്യവസായ പ്രമുഖരായ രത്തൻ ടാറ്റ, ആനന്ദ് മഹീന്ദ്ര, എം.എ. യൂസുഫ് അലി, കിരൺ മസുംദാർ ഷാ, ഡോ. രവി പിള്ള, ക്രിസ് ഗോപാലകൃഷ്ണൻ, ഡോ. ആസാദ് മൂപ്പൻ, ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ തുടങ്ങിയവർ പ്രസംഗിക്കും. പങ്കെടുക്കുന്നതിന് പ്രത്യേക രജിസ്ട്രേഷനില്ല. ഏവർക്കും ഏതു സെഷനും കാണാൻ സാധിക്കുന്ന വിധത്തിലാണ് സമ്മേളനത്തിന്റെ ക്രമീകരണം. www.keralalooksshead.com എന്ന സൈറ്റിൽ എല്ലാ സെഷനുകളും ലൈവായി കാണാം.