തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിൽ ആരംഭിച്ച സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി സംസ്ഥാന ആരോഗ്യ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഏജൻസിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സാധാരണ ജനങ്ങൾ അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്നാണ് വർദ്ധിച്ചുവരുന്ന ചികിത്സാചെലവ്. മികച്ച പൊതുജനാരോഗ്യ സംവിധാനം ഒരുക്കിയാണ് പരിഹാരം കണ്ടത്. ഇതോടെ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം 50 ശതമാനമായി.
375 സ്വകാര്യ ആശുപത്രികൾ അടക്കം 566 ആശുപത്രികളിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സ ലഭ്യമാണ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 1.5 ലക്ഷം രൂപയാണ് നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ പാക്കേജ് പ്രകാരം നിജപ്പെടുത്തിയിരുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യം മനസിലാക്കി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നാല് ലക്ഷം രൂപയോളം ലഭ്യമാക്കാൻ നടപടികൾ പൂർത്തികരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.
സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ജോയിന്റ് ഡയറക്ടർ ഡോ. ഇ. ബിജോയ് എന്നിവർ സംസാരിച്ചു.