oommen-chandy

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും കാരണം ആലപ്പുഴ ബൈപാസ് മൂന്നര വർഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. 2017 ആഗസ്റ്റ് 14ന് പൂർത്തിയാക്കേണ്ട പദ്ധതിയാണിത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ് യു.ഡി.എഫ് അധികാരം വിട്ടത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഇടതുസർക്കാരിന് യു.ഡി.എഫിന്റെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പോലും സാധിച്ചില്ല. ദേശീയപാതയുടെ ഭാഗമായി നിർമ്മിക്കാനുള്ള ശ്രമം അനന്തമായി നീണ്ടപ്പോഴാണ് ബൈപാസിന്റെ ചെലവ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 50:50 ആയി വഹിക്കാമെന്ന് 2013 ആഗസ്റ്റ് 31ന് തീരുമാനിച്ചത്.

ഇന്ത്യയിൽ ആദ്യമായാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യമായി തുക വിനിയോഗിച്ച് ഒരു പദ്ധതി നടപ്പാക്കിയത്. ബൈപാസ് നിർമ്മാണത്തിൽ കെ.സി. വേണുഗോപാൽ എം.പി നിർണായക പങ്കുവഹിച്ചെന്നും ഉമ്മൻചാണ്ടി പറഞ്ഞു.