union

തിരുവനന്തപുരം: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പും കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് കേരളത്തിന് കേന്ദ്രബഡ്‌ജറ്റിൽ ആനുകൂല്യങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. തിരഞ്ഞെടുപ്പ് മുൻനിറുത്തി വികസന പദ്ധതികൾ പ്രതീക്ഷിക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് കേന്ദ്രബഡ്ജറ്റ്.
പൊതുവായ ഗ്രാന്റുകളും സഹായങ്ങളും വർദ്ധിപ്പിക്കുന്നതിനൊപ്പം കൊവിഡ് സൃഷ്‌ടിച്ച സാമ്പത്തിക മാന്ദ്യം മറികടക്കാൻ കൂടുതൽ ഉത്തേജക പാക്കേജ് പ്രതീക്ഷിക്കുന്നു.

ജി.എസ്.ടി.നഷ്ടപരിഹാരക്കുടിശികയുടെ മൂന്നിലൊന്നാണ് ഇതുവരെ ലഭിച്ചത്. കൊവിഡ് പാക്കേജിൽ ഇതിന്റെ ബാക്കി അനുവദിച്ചാൽ ആശ്വാസമാകും.

കൊവിഡിന് ശേഷമുള്ള പുനർനിർമ്മാണത്തിനായി കൂടുതൽ ക്രയവിക്രയവും ഉത്പാദനവും തൊഴിലവസരങ്ങളും ബഡ്ജറ്റിൽ ഇടം പിടിച്ചേക്കും.

തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ പണം അനുവദിച്ചേക്കും. കേരളത്തിലെ അയ്യങ്കാളി അർബൻ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിൽ കേന്ദ്രപദ്ധതി വന്നേക്കും. അതുണ്ടായാൽ കേരളത്തിന് കൂടുതൽ സഹായകമാകും. അസിംപ്രേംജി ഫൗണ്ടേഷൻ നടപ്പാക്കുന്ന അർബൻ തൊഴിലുറപ്പ് പദ്ധതിയുടെ മാതൃക കേന്ദ്രസർക്കാർ പരിഗണിക്കുന്നത് പ്രതീക്ഷ നൽകുന്നു.

കൊവിഡ് സാഹചര്യത്തിൽ ഇ കൊമേഴ്സ് ഇടപാടുകൾക്ക് കൂടുതൽ പിന്തുണ നൽകിയേക്കും. കേരളത്തിലെ കെ - ഫോൺ പദ്ധതി ഇത്തരത്തിലുള്ളതാണ്. അതിന് കേന്ദ്രസഹായം കിട്ടാനും സാദ്ധ്യതയേറെയാണ്.

അടിസ്ഥാന സൗകര്യവികസനത്തിൽ തിരുവനന്തപുരം - കാസർകോട് സെമി ഹൈസ്‌പീഡ് റെയിൽവേ,​ കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളുടെ വികസനം, ശബരി റെയിൽപാത എന്നിവയും ബഡ്ജറ്റിൽ കേരളം ഉറ്റുനോക്കുന്നു. ശബരിപാതയുടെ പകുതി ചെലവ് വഹിക്കാൻ സംസ്ഥാനം തയ്യാറായ സാഹചര്യത്തിൽ ഇതിന് സാദ്ധ്യതയേറെയാണ്.

കണ്ണൂരിൽ നിന്ന് വിദേശത്തേക്ക് വിമാനസർവീസും കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ വികസനവുമാണ് കേരളത്തിന്റെ താത്പര്യം. എന്നാൽ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തെ സംസ്ഥാനം എതിർക്കുന്നതിനാൽ ഇതിൽ പ്രതികൂല സമീപനമുണ്ടാകുമോ എന്ന് ആശങ്കയുണ്ട്.

കൊവിഡിന്റെ സാഹചര്യത്തിൽ ആരോഗ്യമേഖലയ്ക്ക് കേന്ദ്രബഡ്ജറ്റിൽ കൂടുതൽ പ്രാമുഖ്യം കിട്ടിയേക്കും. കേരളത്തിന്റെ എയിംസ് ആവശ്യം ഇനിയും അംഗീകരിച്ചിട്ടില്ല.