ramesh

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഇടതുമുന്നണി കൺവീനർ എ. വിജയരാഘവനും ചേർന്ന് കേരളത്തിൽ വർഗീയത ആളിക്കത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താലേഖകരോട് പറഞ്ഞു. വിജയരാഘവൻ വാ തുറന്നാൽ വർഗീയതയേ പറയൂ. മുസ്ളിം ലീഗ് യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായിരിക്കെ, താനും ഉമ്മൻചാണ്ടിയും ലീഗ് അദ്ധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തുന്നത് പുതിയ കാര്യമല്ല. എന്നാൽ വിജയരാഘവനും മുഖ്യമന്ത്രിയും ഇതിനെയും വർഗീയവത്കരിക്കുകയാണ്.
മുസ്ളിം ലീഗിനൊപ്പം തമിഴ്നാട്ടിൽ ഒരു മുന്നണിയിലാണ് സി.പി.എം. കേരളത്തിൽ ലീഗുമായി ചേർന്ന് ഭരിച്ച പാർട്ടിയാണ് സി.പി.എം.
മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവർത്തകൻ സമീറിനെ കൊലപ്പെടുത്തിയ സംഭവം പ്രതിഷേധാർഹമാണ്. നിരവധി തവണ സംഘർഷമുണ്ടായ സ്ഥലമാണിത്. പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുമുണ്ടായില്ല. യു.ഡി.എഫ് ഭരണകാലത്ത് കേരളത്തിൽ പാവപ്പെട്ടവർക്ക് നാല് ലക്ഷത്തി നാൽപ്പത്തിമൂവായിരം വീടുകൾ നൽകി. ഇടതു മുന്നണി നാലരവർഷം കൊണ്ട് ഒന്നര ലക്ഷം വീട് വച്ചെന്നാണ് അവകാശപ്പെടുന്നത്. അതിൽ അമ്പതിനായിരം വീട് യു.ഡി.എഫ് സർക്കാർ നിർമ്മിച്ച് തുടങ്ങിയവയാണ്.