ആറ്റിങ്ങൽ: കാത്തിരിപ്പുകൾക്കും പ്രഖ്യാപനങ്ങൾക്കുമൊടുവിൽ ചരിത്രപ്രാധാന്യമുള്ള ആറ്റിങ്ങൽ കൊട്ടാരം സംരക്ഷിക്കാനുള്ള പദ്ധതികൾക്ക് തുടക്കമായി. സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ആറ്റിങ്ങൽ കലാപത്തിന്റെ 300ാം വാർഷികോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള കൊട്ടാരം പുരാവസ്തു വകുപ്പിന് കൈമാറി. നിലവിൽ ഇവിടെ ക്ഷേത്രകലാപീഠം പ്രവർത്തിക്കുന്നുണ്ട്. പൈതൃക സ്‌മാരകമാക്കുന്നതോടെ കൊട്ടാരത്തിനും ആറ്റിങ്ങൽ നഗരത്തിനും ടൂറിസം പദ്ധതിയിൽ സ്ഥാനം ലഭിക്കും. തിരുവിതാംകൂർ രാജകുടുംബത്തിന്റെ പരദേവതാസ്ഥാനമായ തിരുവാറാട്ടുകാവ് ദേവീക്ഷേത്രമുൾപ്പെടെ നാലുക്ഷേത്രങ്ങൾ കൊട്ടാരത്തിനകത്തുണ്ട്. കൊട്ടാരം ജീർണാവസ്ഥയിലായതിനെക്കുറിച്ച് കേരളകൗമുദി പലതവണ വാർത്ത നൽകിയിരുന്നു. തുടർന്ന് ബി. സത്യൻ എം.എൽ.എ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
ചിതലരിക്കാത്ത ചരിത്രം
-----------------------------------------
വിദേശ ആധിപത്യത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യസായുധ കലാപമാണ് ആറ്റിങ്ങൽ കലാപം. മലഞ്ചരക്ക് കച്ചവടത്തിനായി തിരുവിതാംകൂറിലെത്തിയ ഇൗസ്റ്റ് ഇന്ത്യാ കമ്പനി 1684ൽ ആറ്റിങ്ങൽ റാണിയിൽ നിന്നു കടലോര പ്രദേശമായ അഞ്ചുതെങ്ങിൽ 281 ഏക്കർ സ്ഥലം പതിച്ചുവാങ്ങിയാണ് കോട്ട നിർമ്മിച്ചത്. കച്ചവടം അധിനിവേശത്തിലേക്ക് മാറിയപ്പോൾ ഏറെ വൈകാതെ സ്ഥലവാസികളും കമ്പനിയും തമ്മിലുള്ള ബന്ധം ഉലഞ്ഞു. 1721ൽ കോട്ടയുടെ അധിപൻ മേജർ ഗീഫോർഡിന്റെ നേതൃത്വത്തിൽ 150 ഒാളം ബ്രിട്ടീഷ് പട്ടാളക്കാർ റാണിക്ക് സമ്മാനങ്ങളുമായി കോട്ടയിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോകുന്ന വിവരം നാട്ടുകാർ അറിഞ്ഞു. തദ്ദേശവാസികൾ കടയ്ക്കാവൂർ ഏലാപ്പുറത്തുവച്ച് പട്ടാളത്തെ ആക്രമിച്ചു. മേജർ ഗീഫോർഡ് ഉൾപ്പെടെ 140 പട്ടാളക്കാർ യുദ്ധത്തിൽ മരിച്ചുവീണു. പിന്നീട് ഈ സമരം ആറ്റിങ്ങൽ കലാപം എന്ന് അറിയപ്പെട്ടു.
കൊട്ടാരം നിർമ്മിച്ചത് - 700 വർഷം മുമ്പ്
വിസ്‌തൃതി - 10 ഏക്കർ
2020ലെ ബഡ്ജറ്റിൽ അനുവദിച്ചത് - 3 കോടി
ചരിത്രവും ചരിത്രപുരുഷന്മാരെയും വികലമാക്കുന്നത്
പ്രോത്സാഹിപ്പിക്കരുത്: മന്ത്രി കടന്നപ്പള്ളി
ആറ്റിങ്ങൽ: ചരിത്രത്തെയും ചരിത്ര പുരുഷന്മാരെയും വികലമാക്കാനുള്ള ശ്രമമാണ് പലയിടത്തും ഇപ്പോൾ നടക്കുന്നതെന്നും അതിനെ പ്രോത്സാഹിപ്പിച്ചാൽ വരും തലമുറയ്ക്ക് യഥാർത്ഥ ചരിത്രം അന്യമാകുമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വാർഷികാഘോഷ പരിപാടികളുടെ ആരംഭവും കൊട്ടാരത്തിന്റെ സമഗ്ര സംരക്ഷണ പ്രവൃത്തികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, വാർഡ് കൗൺസിലർ എസ്.ഗിരിജ, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരായ ദിനേശ്, രാജേഷ് കുമാർ, നഗരസഭാ കൗൺസിലർ പി. ഉണ്ണിക്കൃഷ്ണൻ, സി.എസ്. ജയചന്ദ്രൻ, കിളിമാനൂർ പ്രസന്നൻ, കെ.എസ്. ബാബു, കോരാണി സനൽ എന്നിവർ സംസാരിച്ചു.