atl

ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊല്ലമ്പുഴയിലെ കുട്ടികളുടെ പാർക്ക് തുറക്കുന്നത് വൈകും. കൊവിഡ് ഭീഷണിയെത്തുടർന്ന് അടച്ചിടൽ പ്രഖ്യാപിച്ചതോടെയാണ് പാർക്കിന് താഴ് വീണത്. പാർക്ക് തുറക്കാതായതോടെ കുട്ടികളുടെ കളിക്കോപ്പുകൾ പലതും ഇതിനൊപ്പം നശിച്ചു തുടങ്ങിയിട്ടുണ്ട് .കാടുപിടിച്ച് നാശോന്മുഖമായ പാർക്ക് തുറന്ന് പ്രവർത്തിച്ചാലും കുട്ടികളെ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നതിൽ വ്യക്തത വരുത്തുകയും വേണം. കൊല്ലമ്പുഴയിൽ ആറ്റിങ്ങൽ കൊട്ടാരത്തിനും വാമനപുരം നദിക്കും ഇടയിലെ സ്ഥലത്താണ് കുട്ടികളുടെ പാർക്ക്. വിശ്രമവേളകളിൽ കുട്ടികൾക്ക് കളിച്ചുല്ലസിക്കാനും മുതിർന്നവർക്ക് നദിയുടെ തീരത്തിരുന്ന് കാറ്റു കൊള്ളാനുമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം നാല് മുതൽ ഏഴ് വരെയും അവധി ദിവസങ്ങളിൽ വൈകിട്ട് 3 മുതൽ രാത്രി എട്ടുവരെയാണ് പാർക്ക് പ്രവർത്തിച്ചിരുന്നത്. 14 വയസുവരെയുള്ള കുട്ടികൾക്കായാണ് പാർക്കിലെ കളിക്കോപ്പുകൾ ഉപയോഗിക്കുന്നത്. മുതിർന്ന കുട്ടികൾക്കായി ചെസ്, കാരംസ്, റിംഗ്ബോൾ എന്നീ വിനോദോപാധികളും ആറ്റിങ്ങലിന്റെ ചരിത്രം വിശദമാക്കുന്ന ചിത്രശാലാ മ്യൂസിയവും സജീകരിച്ചിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് 28.5 ലക്ഷം രൂപ മുടക്കി പാർക്ക് നവീകരിച്ച് ഉടമസ്ഥാവകാശം ആറ്റിങ്ങൽ നഗരസഭയ്ക്ക് കൈമാറിയത്. നവീകരിച്ച പാർക്ക് 2019 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്തിരുന്നു. ജനകീയ ഹോട്ടൽ തുടങ്ങാൻ പദ്ധതി തയ്യാറാക്കിയെങ്കിലും ഹോട്ടൽ പ്രവർത്തനവും ഇതുവരെ തുടങ്ങിയിട്ടില്ല. ഇവിടത്തെ മ്യൂസിയത്തിന്റെ പ്രധാന കവാടംപോലും ചിതലെടുത്ത് നശിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ.