വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് ഇരപ്പിൽ നിന്നും ആനപ്പെട്ടി, പരപ്പാറ വഴി മരുതുംമൂട്ടിലേക്കുള്ള റോഡ് തകർന്ന് ശോച്യാവസ്ഥിയിൽ. പൈപ്പ് പൊട്ടൽ തുടർക്കഥയായി മാറിയതോടെയാണ് റോഡിന്റെ നല്ലൊരുഭാഗവും തകർന്നത്. ആനപ്പെട്ടി മുതൽ കണ്ണങ്കരവരെയുള്ള ഭാഗത്താണ് പൈപ്പ് പൊട്ടൽ പതിവായി മാറിയിരിക്കുന്നത്. പൈപ്പ് പൊട്ടി ആഴ്ചകളോളം കുടുവെള്ളം പാഴായിട്ടും, റോഡ് ഗതാഗതയോഗ്യമല്ലാതായിട്ടും നന്നാക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൈപ്പ് പൊട്ടി റോഡ് തോടായി ഒഴുകുന്നത് ഇവിടെ പതിവ് കാഴ്ചയായി മാറിയിട്ട് മാസങ്ങൾ പിന്നിട്ടു. തൊളിക്കോട്, വിതുര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് വർഷങ്ങളായി തകർന്നുകിടന്നിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. റോഡിന്റെ മിക്ക ഭാഗത്തും കുഴികൾ രൂപപ്പെട്ടുകഴിഞ്ഞു. ചിലയിടങ്ങളിൽ റോഡ് രണ്ടായി മുറിഞ്ഞിട്ടുണ്ട്. റോഡിന്റെ മിക്ക ഭാഗത്തും ഒാടകൾ നിർമ്മിച്ചിട്ടില്ല. ഓടയില്ലാത്തതിനാൽ മഴക്കാലത്ത് റോഡുകൾ വെള്ളത്തിൽ മുങ്ങുന്നതും പതിവാണ്.
റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും നാട്ടുകാർ നിരവധി പ്രാവശ്യം നിവദനം നൽകിയിരുന്നു. ആര്യനാട്, നെടുമങ്ങാട്, പാലോട്, തിരുവനന്തപുരം ഭാഗങ്ങളിലേക്കായുള്ള പ്രധാന റോഡ് കൂടിയാണിത്. ഇരപ്പിൽ മുതൽ മരുതുംമൂട് വരെയുള്ള നാല് കിലോമീറ്റർ ദൂരം വരെയാണ് റോഡ് തകർന്നുകിടക്കുന്നത്. റോഡിന്റെ ശോച്യാവസ്ഥ നിമിത്തം ഇതുവഴി ഒാടുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പടെയുള്ള വാഹനങ്ങൾ കേടായി വഴിയിലാകുന്നതും പതിവാണ്. റോഡ് അടിയന്തരമായി ടാറിംഗ് നടത്തി അപകടങ്ങളും യാത്രാതടസവും ഒഴിവാക്കിയില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
അപകടങ്ങൾ തുടർക്കഥ
ഇരുചക്രവാഹനങ്ങളാണ് ഇവിടെ കൂടുതലും അപകടത്തിൽപ്പെടുന്നത്. ഇത്തരത്തിൽ വീണ് പരിക്കേറ്റവരും നിരവധിയാണ്. റോഡിന്റെ തകർച്ച കാരണം ഇതുവഴിയുള്ള ബസ് സർവീസുകളും വഴിയിലാവുക പതിവാണ്. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നിവേദനങ്ങൾ നിരവധി നൽകിയെങ്കിലും ഫലം കണ്ടില്ല. റോഡ് പൂർണമായും ടാർ ചെയ്തിട്ട് പത്ത് വർഷത്തോളമായി. നാല് വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് ഇവിടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ ഒരു വർഷം പിന്നിട്ടപ്പോഴേക്കും റോഡ് പഴയപടിയായി.
സമരം നടത്തും
ഇരപ്പിൽ-ആനപ്പെട്ടി-പരപ്പാറ-മരുതുംമൂട് റോഡ് അടിയന്തരമായി ടാറിംഗ് നടത്തി യാത്ര സുഗമമാക്കണം. ഉടൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പൊൻമുടി-തിരുവനന്തപുരം റോഡ് ഉപരോധമുൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കും.
പുളിച്ചാമല സന്ധ്യാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ