
തിരുവനന്തപുരം: തൊഴിലാളികൾക്കുള്ള ഇടക്കാല വേതനം നൽകണമെന്ന മന്ത്രിതല യോഗത്തിലെ ആവശ്യം ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി മാനേജ്‌മെന്റ് അംഗീകരിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജൻ, ടി.പി. രാമകൃഷ്‌ണൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച നടത്തിയ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്തിരുന്നു. സ്ഥിര തൊഴിലാളികൾക്ക് 25,000/ രൂപയും കോൺട്രാക്ട് ജീവനക്കാർക്ക് 10,000/ രൂപ വീതവും രണ്ട് ഘട്ടമായി അഡ്വാൻസ് എന്ന നിലയിൽ നൽകാനാണ് മാനേജ്‌മെന്റ് യോഗത്തിൽ സമ്മതിച്ചത്. കൊവിഡും വിപണിയിലെ ആവശ്യക്കുറവും കാരണം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും വേളി ഫാക്ടറിയിലെ മുഴുവൻ ജീവനക്കാർക്കും മാനേജ്‌മെന്റ് അഡ്വാൻസ് എന്ന നിലയിൽ ഇടക്കാല ആശ്വാസം വിതരണം ചെയ്യുമെന്നാണ് അറിയുന്നത്. ജൂലായ് മാസത്തോടെ വിപണി മെച്ചപ്പെടുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.