പത്തനംതിട്ട : കോട്ടാങ്ങൽ ചുങ്കപ്പാറ മാപ്പൂര് വീട്ടിൽ ടിഞ്ചുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ വ്യക്തി വൈരാഗ്യം മൂലം തന്നെ പ്രതിയാക്കാൻ ടിഞ്ചുവിന്റെ മാതാപിതാക്കളും പൊലീസും ശ്രമിക്കുകയാണെന്ന് ചുങ്കപ്പാറ സ്വദേശി ടിജിൻ ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുമ്പ് എസ്.ഐ ഷെരീഫ് തന്നെ മർദ്ദിച്ച് അവശനാക്കിയിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതോടെ എസ്.ഐക്കെതിരെ കേസെടുത്തു. അതോടെ എസ്.ഐ ആറ് മാസം സസ്പെൻഷനിലുമായി. എസ്.ഐക്ക് ഇതിൽ വൈരാഗ്യമുണ്ട്.
2109 ഡിസംബർ 19നാണ് ടിഞ്ചു തൂങ്ങിമരിച്ചത്. ടിഞ്ചുവുമായി ഒൻപതാം ക്ലാസ് മുതൽ പ്രണയമുണ്ടായിരുന്നു. ഇതറിഞ്ഞ മാതാപിതാക്കൾ പ്രായമാകുമ്പോൾ വിവാഹം നടത്തിത്തരാം എന്ന് വാക്കുതന്നിരുന്നു. ടിഞ്ചുവിന്റെ ബി.എസ്.സി നഴ്സിംഗ് പഠനം പണം ഇല്ലാത്തതിനാൽ പാതിവഴിയിൽ ഉപേക്ഷിക്കേണ്ട സാഹചര്യത്തിൽ അന്ന് ഗൾഫിലായിരുന്ന തന്നോട് മൂന്ന് ലക്ഷം രൂപ വാങ്ങി. പിന്നീട് ടിഞ്ചുവിനെ മറ്റൊരാൾക്ക് വിവാഹം കഴിച്ചു നൽകി. വിവാഹത്തിന് ശേഷമാണ് ടിഞ്ചു മാതാപിതാക്കൾ പണം വാങ്ങിയ വിവരം അറിയുന്നത്. ടിഞ്ചുവിന്റെ ശമ്പളം മുഴുവൻ നൽകണമെന്ന് പറഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തി മാതാപിതാക്കൾ ബഹളം ഉണ്ടാക്കിയിരുന്നതായും ജോലി ചെയ്യാൻ അനുവദിക്കാത്തതായും ടിഞ്ചു പറഞ്ഞിട്ടുണ്ട്. ഭാര്യയുമായി അകന്നുകഴിയുമ്പോൾ വീട്ടിൽ ടിഞ്ചു സ്വമേധയാ വന്ന് താമസിക്കുകയുമായിരുന്നു. ആറുമാസം ഒരുമിച്ച് താമസിച്ചു. ടിഞ്ചുവിന് ചർമ്മം പൊട്ടുന്ന രോഗമുണ്ടായിരുന്നു. അതിന് ചികിത്സിച്ചിരുന്നു. മരിക്കുന്നത് വരെ ടിഞ്ചുവിന്റെ മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നില്ല. . മാതാപിതാക്കളുടെ ശല്യം സഹിക്കവയ്യാതെയാണ് ടിഞ്ചു ആത്ഹത്യ ചെയ്തതെന്നും പിതാവിന്റെ പേരിൽ ടിഞ്ചു മുമ്പ് കേസ് നൽകിയിരുന്നതായും ടിജിൻ പറഞ്ഞു.