youth-congress

തിരുവനന്തപുരം: ബിവറേജസ് കോർപറേഷനിൽ ഐ.ജിയുടെ വ്യാജരേഖ ചമച്ച് നിയമനത്തട്ടിപ്പ് നടത്തിയവർക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബെവ്‌കോ ആസ്ഥാനം ഉപരോധിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് പ്രവർത്തകർ പ്രധാന കവാടം ഉപരോധിച്ചു. തുടർന്ന് ബലപ്രയോഗത്തിലൂടെ പ്രവർത്തകരെ അറസ്റ്റുചെയ്‌ത് നീക്കാൻ ശ്രമിച്ചത് പൊലീസും പ്രവർത്തകരും തമ്മിലുള്ള വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചു. ഒടുവിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ, ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട്, സംസ്ഥാന സെക്രട്ടറിമാരായ ഷജീർ നേമം, വിനോദ് കോട്ടുകാൽ, വീണ. എസ് നായർ, ജില്ലാ ഭാരവാഹികളായ അഫ്സൽ, അഫ്സർ വെമ്പായം, പ്രമോദ്, കിരൺ ഡേവിഡ്, റെജി ചെങ്കൽ, അജിത് എന്നിവർ സമരത്തിന് നേതൃത്വം നൽകി.