godard-

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ചുള്ള ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് ഫ്രഞ്ച് നവതരംഗം എന്ന ചലച്ചിത്ര പ്രസ്ഥാനത്തിന്റെ മുഖ്യപ്രയോക്താവായ സംവിധായകൻ ഷീൻ ലുക് ഗൊദാർദിനെ തിരഞ്ഞെടുത്തു. 10 ലക്ഷം രൂപയാണ് സമ്മാനത്തുക. ബ്രത്‌ലസ്, വീക്കെൻഡ്, ആൽഫവിൽ, എ വുമൺ ഈസ് എ വുമൺ തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയുടെ ദൃശ്യഭാഷയും വ്യാകരണവും മാറ്റിയെഴുതിയ ഗൊദാർദ് ഇതിനകം 45 ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് അറിയിച്ച അദ്ദേഹം ഓൺലൈനായി ചടങ്ങിൽ സാന്നിധ്യമറിയിക്കും. അദ്ദേഹത്തിനുവേണ്ടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുരസ്‌കാരം ഏറ്റുവാങ്ങുമെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ അറിയിച്ചു.