
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തീർത്ഥാടന വിനോദസഞ്ചാര പദ്ധതിയിൽ ഉൾപ്പെടുത്തി വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ മൂന്നുകോടി രൂപ ചെലവിൽ നിർമ്മിക്കുന്ന തീർത്ഥാടന സൗകര്യകേന്ദ്രത്തിന്റെ ശിലാസ്ഥാപനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ദേവാലയം സ്ഥിതിചെയ്യുന്ന തീരപ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലാണ് തീർത്ഥാടന സൗകര്യ കേന്ദ്രം ഒരുങ്ങുന്നത്. 18 മാസം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ നിർമ്മാണത്തിന് സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡാണ് നേതൃത്വം നൽകുന്നത്. ടൂറിസം ഡയറക്ടർ പി. ബാലകിരൺ സ്വാഗതവും പാരിഷ് കൗൺസിൽ സെക്രട്ടറി നോർബൽ യൂജിൻ നന്ദിയും പറഞ്ഞു. ഇടവക വികാരി ഫാ. ജോർജ്ജ് ഗോമസ്, വെട്ടുകാട് കൗൺസിലർ സാബു ജോസ്, ശംഖുംമുഖം വാർഡ് കൗൺസിലർ സെറാഫിൻ ഫ്രെഡി, പാരിഷ് കൗൺസിൽ ജോയിന്റ് സെക്രട്ടറി ഡെറൻസ്. എച്ച് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.