വിതുര: കല്ലാറിൽ കാട്ടാന ചരിഞ്ഞത് ഷോക്കേറ്റാണെന്ന് ഫോറസ്റ്റ് അധികൃതർ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കല്ലാർ എക്സ് സർവീസ് മെൻസ് കോളനിയിൽ 60-ാം നമ്പർ ഹൗസിൽ കെ. രാജേഷിനെ (43) വനപാലകർ അറസ്റ്റുചെയ്തു. ശനിയാഴ്ച രാവിലെയാണ് ഒമ്പതുവയസ് പ്രായമുള്ള പിടിയാനയെ ചരിഞ്ഞ നിലയിൽ രാജേഷിന്റെ പുരയിടത്തിൽ കണ്ടെത്തിയത്. വനപാലകരും പൊലീസും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഷോക്കേറ്റതിന്റെ യാതൊരു ലക്ഷണവും കണ്ടെത്തിയിരുന്നില്ല. ഒപ്പമുണ്ടായിരുന്ന കുട്ടിയാനയെ കാപ്പുകാട് ആനസങ്കേതത്തിലേക്ക് കൊണ്ടുപോയിരുന്നു. പിടിയാനയെ പോസ്റ്റുമോർട്ടം നടത്തിയപ്പോൾ ശ്വാസകോശസംബന്ധമായ അസുഖം നിമിത്തമാണ് ആന ചരിഞ്ഞതെന്നായിരുന്നു പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് വനപാലകർ പറയുന്നത്
സംഭവം നടന്ന പ്രദേശത്ത് ആനകൾ പതിവായി നാശമുണ്ടാക്കാറുണ്ട്. സംഭവത്തിന്റെ തലേ ദിവസം രാത്രി ആനയെ ഒാടിക്കുന്നതിനായി രാജേഷ് പുരയിടത്തിന് കുറുകേ കമ്പി വലിച്ച് വൈദ്യുതി കടത്തിവിട്ടു. പുലർച്ചെ ഒരാന ഷോക്കേറ്റ് ചരിഞ്ഞുകിടക്കുന്നതും സമീപത്ത് കുട്ടിയാന നിൽക്കുന്നതും രാജേഷ് കണ്ടിരുന്നു. തുടർന്ന് കമ്പി അഴിച്ചുമാറ്റി തെളിവ് നശിപ്പിച്ച ശേഷം ഇയാൾ സ്ഥലം വിടുകയായിരുന്നു. ഫോറസ്റ്റും - പൊലീസും വിവരങ്ങൾ ശേഖരിക്കാൻ രാജേഷിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. റേഞ്ച് ഒാഫീസിൽ ഹാജരാകണമെന്ന് അറിയിച്ചെങ്കിലും ഇയാൾ എത്തിയില്ല. ഇതോടെ സംശയം ബലപ്പെട്ടു. പിടികൂടുമെന്ന് ഉറപ്പായപ്പോൾ ചൊവ്വാഴ്ച രാവിലെ 11ഓടെ ഫോറസ്റ്റ് ഒാഫീസിലെത്തി. പാലോട് ഫോറസ്റ്റ് റേഞ്ച് ഒാഫീസർ ബി. അജിത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് രാജേഷ് കുറ്റസമ്മതം നടത്തിയത്. ആനയെ കൊല്ലാനല്ലെന്നും തുരത്തി വിടാനാണ് കമ്പിയിൽ വൈദ്യുതി കടത്തിവിട്ടതെന്നും ഇയാൾ പറഞ്ഞു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാജേഷിനെ അറസ്റ്റുരേഖപ്പെടുത്തിയ ശേഷം ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ റിമാൻഡ് ചെയ്തു. ആരോഗ്യനില വീണ്ടെടുത്താലുടൻ ജയിലിലേക്ക് മാറ്റും.