പാറശാല: രേഖകളില്ലാതെ കെ.എസ്.ആർ.ടി.സി ബസിൽ കൊണ്ടുവന്ന 1.8 കിലോഗ്രാം സ്വർണം അമരവിള എക്സൈസ് ചെക്പോസ്റ്റ് അധികൃതർ പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ പിടികൂടി. കഴിഞ്ഞ ദിവസം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ബാഗിൽ കൊണ്ടുവന്ന 148 വളകൾ അടങ്ങിയ സ്വർണം പിടിച്ചെടുത്തത്. മുംബൈയിൽ നിന്നും തമിഴ്നാട്ടിലെത്തിച്ച ശേഷം കളിയിക്കാവിള വഴി ബസിൽ തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് മഹാരാഷ്ട്ര സ്വദേശിയായ മാനവ് ജെയിൻ (23) എന്നയാൾ പിടിയിലായത്. പ്രതിയെയും പിടിച്ചെടുത്ത സ്വർണവും ജി.എസ്.ടി വകുപ്പിന് കൈമാറി. അമരവിള എക്സൈസ് ചെക്പോസ്റ്റിലെ ഇൻസ്പെക്ടർ സച്ചിൻ, പ്രിവന്റീവ് ഓഫീസർ ബിജു. ജി, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, രതീഷ് എന്നിവരുടങ്ങുന്ന സംഘമാണ് സ്വർണം പിടിച്ചെടുത്തത്.