തിരുവനന്തപുരം: ഒഡീഷ സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ ശേഷം നാട്ടിലേക്ക് മുങ്ങിയ സുഹൃത്തായ ഒഡീഷ സ്വദേശിയെ പൊലീസ് പിടികൂടി. നായഗർഹ് ജില്ല ഘണ്ടൂഗാൻ ടൗണിൽ ബാലിയ നായക്കിനെയാണ് ( 26 ) കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തത്. 2018 ഡിസംബർ 23നാണ് ഒഡീഷ സ്വദേശിയായ ബിപിൻ മഹാപത്ര കൊല്ലപ്പെട്ടത്. ഇയാളോടൊപ്പം മേനംകുളം പാടിക്കവിളാകം ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വാടകമുറിയിൽ താമസിച്ചിരുന്നയാളാണ് പ്രതി. ബാലിയ നായക് പാചകം ചെയ്ത ഭക്ഷണത്തിന് രുചിക്കുറവാണെന്ന് പറഞ്ഞതിനെച്ചൊല്ലിയുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. ബിപിൻ മഹാപത്രയെ പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയിരുന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒഡീഷയിലെ ചന്ദ്രപൂർ എന്ന സ്ഥലത്തെ ലേബർ ക്യാമ്പിൽ നിന്നും പ്രതിയെ പിടികൂടിയത്. കഴക്കൂട്ടം എസ്.എച്ച്.ഒ കെ.എസ്.പ്രവീൺ, എസ്.ഐ സുമേഷ്, സി.പി.ഒമാരായ സജാദ് ഖാൻ, അരുൺ.എസ്.നായർ, സുജിത് എന്നിവരങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതിയെ റിമാൻഡ് ചെയ്തു.