udf

തിരുവനന്തപുരം: സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി പ്രാരംഭ ചർച്ചയിൽ പി.ജെ.ജോസഫ് ഉൾപ്പെടെ യു.ഡി.എഫ് ഘടകകക്ഷി നേതാക്കൾ. ഓരോ സീറ്റിലെയും വിജയം അതീവ നിർണായകമായതിനാൽ ഇക്കുറി എല്ലാവരും വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്ന് കക്ഷിനേതാക്കളോട് കോൺഗ്രസ്. ചർച്ചയുടെ വിശദാംശങ്ങൾ മാദ്ധ്യമങ്ങളോട് പങ്കുവയ്ക്കരുതെന്ന നിർദ്ദേശവും നൽകി.

മുന്നണിയിൽ നിന്ന് രണ്ട് കൂട്ടർ പോയ ഒഴിവിൽ മിച്ചം വന്ന സീറ്റുകൾ തുല്യമായി പങ്കിടണമെന്നാണ് കക്ഷികൾ പൊതുവേ മുന്നോട്ടുവച്ചത്. 15 സീറ്റുകൾ വേണമെന്ന മുൻ നിലപാടിൽ ജോസഫ് വിഭാഗം ഉറച്ചു നിന്നു. ആർക്കും വേണ്ടാതെ, കഴിഞ്ഞ തവണ അവസാനനിമിഷം വച്ചുനീട്ടിയ ആറ്റിങ്ങലും കയ്പമംഗലവും ഒഴിവാക്കി മത്സരസാദ്ധ്യതയുള്ള സീറ്റുകൾ വേണമെന്നും സീറ്റുകളുടെ എണ്ണം അഞ്ചിൽ നിന്ന് ഏഴാക്കണമെന്നും ആർ.എസ്.പി ആവശ്യപ്പെട്ടു. ഇരവിപുരത്തിന് പകരം മറ്റ് ചില സീറ്റുകളുടെ നിർദ്ദേശവും മുന്നോട്ട് വച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലടക്കം തങ്ങൾ മുമ്പ് മത്സരിച്ച് വിജയിച്ച സീറ്റുകൾ പരിഗണിക്കണം.

കേരള കോൺഗ്രസ്- ജേക്കബ് വിഭാഗം മൂന്ന് സീറ്റുകൾ അധികമായി ചോദിച്ചു. പിറവത്തിന് പുറമേ മൂവാറ്റുപുഴ, തിരുവമ്പാടി, കൊട്ടാരക്കര അല്ലെങ്കിൽ പത്തനാപുരവുമാണ് ചോദിച്ചത്. 2011ൽ മത്സരിച്ചിരുന്ന മൂന്ന് സീറ്റുകൾ സി.എം.പി ആവശ്യപ്പെട്ടു. 2016ൽ പാർട്ടി പിളർന്ന സാഹചര്യമായതിനാലാണ് വെറുമൊരു സീറ്റ് അംഗീകരിച്ചത്. അന്ന് ഘടകകക്ഷിസ്ഥാനത്ത് നിന്ന് മാറി പുറത്തു നിൽക്കേണ്ടി വന്നു. ഇപ്പോൾ സ്ഥിതി മാറിയെന്നാണവർ ചൂണ്ടിക്കാട്ടിയത്.

ജോസ് പക്ഷം പുറത്ത് പോയെങ്കിലും പ്രവർത്തകർ തങ്ങൾക്കൊപ്പമാണെന്നാണ് ജോസഫ് വാദിച്ചത്. സീറ്റുകളിൽ വെട്ടിക്കുറവ് വരുത്തിയാലത് പാർട്ടിയെ ബാധിക്കും. ഒരു മുന്നണിയിൽ രണ്ട് നീതി പറ്റില്ല. മലബാറിൽ ജയസാദ്ധ്യതയുള്ള ഒരു സീറ്റ് ലഭിച്ചാൽ രണ്ടിടത്ത് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാം. മുസ്ലിംലീഗ് കഴിഞ്ഞ തവണ പരാജയപ്പെട്ട തിരുവമ്പാടി ലഭിച്ചാൽ വഴങ്ങിയേക്കും.

രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിൽ ഇന്നലെ രഹസ്യമായാണ് കൂടിക്കാഴ്ച നടന്നത്. ചെന്നിത്തലയ്ക്കൊപ്പം ഉമ്മൻചാണ്ടിയും എം.എം.ഹസനുമുണ്ടായിരുന്നു. ജോസഫ് വിഭാഗവുമായുള്ള ചർച്ച ഒന്നര മണിക്കൂർ നീണ്ടു. പി.ജെ. ജോസഫിനൊപ്പം മോൻസ് ജോസഫും ജോയി എബ്രഹാമുമുണ്ടായിരുന്നു. ആർ.എസ്.പിക്കായി എ.എ.അസീസ്, എൻ.കെ. പ്രേമചന്ദ്രൻ, ജേക്കബ് ഗ്രൂപ്പ് നേതാവ് അനൂപ് ജേക്കബ്, സി.എം.പി നേതാവ് സി.പി.ജോൺ എന്നിവർ പങ്കെടുത്തു.