mla-sandharshikkunnu

കല്ലമ്പലം: കാറും മീൻ ലോറിയും കൂട്ടിയിടിച്ച് നാല് സുഹൃത്തുക്കൾ മരിക്കാനിടയായ അപകടം നടന്ന തോട്ടയ്ക്കാട് സ്ഥിരം അപകടമേഖല. നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. കഴിഞ്ഞ ദിവസം അപകടം നടന്ന അതേ സ്ഥലത്ത് 2017 മാർച്ചിൽ കാറും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശികളായ ഒരു കുടുംബത്തിലെ 5പേർ മരിച്ചിരുന്നു. സംഭവം പുലർച്ചെയായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ അമിത വേഗമായിരുന്നു അപകടകാരണം. 2019ൽ ഇപ്പോൾ അപകടം നടന്ന സ്ഥലത്ത് നിന്ന് 100 മീറ്റർ മാറി ബൈക്കും കാറും കൂട്ടിയിടിച്ച് നാവായിക്കുളം സ്വദേശികളായ ബൈക്ക് യാത്രികർ മരിച്ചിരുന്നു. അപകടക്കെണിയായി മാറിയ പ്രദേശത്ത് വേഗത നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

അപകടസ്ഥലം അഡ്വ. ബി. സത്യൻ എം.എൽ.എ സന്ദർശിച്ചു. സംഭവസ്ഥലത്ത് മോട്ടോർ വാഹന വകുപ്പ്, കല്ലമ്പലം പൊലീസ്, ഫോറൻസിക് വിഭാഗം എന്നിവർ പരിശോധന നടത്തി. ദേശീയപാതയിൽ അപകടം നടന്ന ഭാഗത്തെ വളവും റോഡിന്റെ വീതി കുറവും തെരുവ് വിളക്കുകൾ ഇല്ലാത്തതുമാണ് അപകടങ്ങൾക്ക് കാരണം. എന്നാൽ സമീപത്ത് വീതി കൂട്ടാൻ സ്ഥലം ലഭ്യമാണെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് സ്ഥലത്ത് റോഡ് സേഫ്റ്റി സംവിധാനം ഏർപ്പെടുത്താൻ റോഡ് സേഫ്റ്റി അതോറിട്ടിയോടും നാഷണൽ ഹൈവേ വിഭാഗത്തോടും എം.എൽ.എ ആവശ്യപ്പെട്ടു.