തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെക്കുറിച്ച് സന്തോഷ് ജെ.കെ.വി രചിച്ച് ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ' രമേശ് ചെന്നിത്തല പിന്നിട്ട വഴികൾ' എന്ന പുസ്തകം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ നടന്ന ചടങ്ങിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവയ്ക്ക് നൽകി പ്രകാശനം ചെയ്തു.
വളരെ ചെറുപ്പം തൊട്ട് തനിക്കറിയാവുന്ന നേതാവാണ് രമേശ് ചെന്നിത്തലയെന്ന് ഗവർണർ പറഞ്ഞു. നാഷണൽ സ്റ്റുഡന്റ്സ് യൂണിയന്റെ അദ്ധ്യക്ഷനായിരുന്നപ്പോൾ തൊട്ട് വളരെയടുത്ത് പരിചയമുണ്ട്. ചുറുചുറുക്കള്ള ചെറുപ്പക്കാരനായിരുന്നു അന്ന് രമേശ്. ഏല്പിക്കുന്ന ഏതു കാര്യവും അസാമാന്യപാടവത്തോടെ ചെയ്തു തീർക്കും. വർഷങ്ങൾക്കു മുമ്പ് രമേശ് ഡൽഹിയിൽ നടത്തിയ ഹിന്ദി പ്രസംഗം ഇപ്പോഴും ഓർക്കുന്നുവെന്നും പുസ്തകത്തിന്റെ രണ്ടാം ഭാഗം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
പ്രതിഭാസമ്പന്നനായ നേതാവാണ് രമേശ് ചെന്നിത്തലയെന്ന് പുസ്തകം ഏറ്രുവാങ്ങിയ കർദ്ദിനാൾ ക്ലീമിസ് ബാവ പറഞ്ഞു. ഉമ്മൻചാണ്ടി, ഡോ.എം.കെ. മുനീർ, എം.എം. ഹസൻ, ജോസഫ് വാഴക്കൻ, ശരത്ചന്ദ്ര പ്രസാദ്, സനൽ നെയ്യാറ്റിൻകര, ചെന്നിത്തലയുടെ ഭാര്യ അനിതാ രമേശ്, മകൻ ഡോ. രോഹിത് രമേശ്, പുസ്തക രചയിതാവ് സന്തോഷ് ജെ.കെ.വി തുടങ്ങിയവർ പങ്കെടുത്തു.