എഴുകോൺ: ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി സമ്മാനം തട്ടിയെടുത്ത മദ്ധ്യവയസ്കനെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരിക്കോട് റോസ് നഗർ 39 ബിയിൽ വാടകയ്ക്ക് താമസിക്കുന്ന പുനലൂർ കരവാളൂർ വെഞ്ചേമ്പ് ബ്ലാത്തൂർ ഹൗസിൽ ഷാജ് അമീറാണ് (51) അറസ്റ്റിലായത്.
14നായിരുന്നു കേസിനാസ്പദമായ സംഭവം. പുത്തൂർ മാറനാട് കിഴക്ക് എൽ.പി സ്കൂളിന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന കിഴക്കേ മാറനാട് മലയിൽ ഭാഗം രതീഷ് വിലാസത്തിൽ രതീഷ് കുമാറിന്റെ ലോട്ടറി കടയിലാണ് തട്ടിപ്പ് നടത്തിയത്. സമ്മന തുകയായ 1000 രൂപയിൽ 400 രൂപയുടെ ടിക്കറ്റും ബാക്കി 600 രൂപയും വാങ്ങുകയായിരുന്നു. രതീഷ് കമ്മിഷൻ വാങ്ങാൻ ലോട്ടറി ഓഫീസിൽ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. അവസാന അക്കമായ 8 തിരുത്തി മൂന്നാക്കിയായിരുന്നു തട്ടിപ്പ്. തുടർന്ന് സി.സി ടി.വി സഹായത്തോടെ ആളെ തിരിച്ചറിഞ്ഞ പൊലീസ് പ്രതി സ്ഥിരം ലോട്ടറിയെടുക്കുന്ന കൊല്ലം മൂന്നാംകുറ്റിയിലെ ലോട്ടറി കടയിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.