മലയിൻകീഴ്: കൊവിഡ് വാക്‌സിനെടുത്ത ശേഷം ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന ദമ്പതികളെ ഇടിച്ചുതെറിപ്പിച്ച കാർ നിറുത്താതെ പോയി. ഇന്നലെ രാവിലെ 11ഓടെ മലയിൻകീഴ് കരിപ്പൂര് പെട്രോൾ പമ്പിന് സമീപത്തായിരുന്നു സംഭവം. വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ നിന്ന് വാക്സിെനെടുത്ത ആശാവർക്കർ ബാലരാമപുരം കട്ടച്ചക്കുഴി സി.എസ്. ഭവനിൽ സജിമോൾ (49),​ ഭർത്താവ് ചന്ദ്രൻ(54) എന്നിവരെയാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. പരിക്കേറ്റ ഇരുവരെയും മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചന്ദ്രന്റെ നില അതീവ ഗുരുതരമാണ്. ചന്ദ്രൻ ആറുമാസം മുമ്പ് ബൈപാസ് സർജറിക്ക് വിധേയനായിരുന്നു. ദമ്പതികളെ കാർ ഇടിച്ച് തെറിപ്പിക്കുന്നതിന്റെ സി.സി ടി വി കാമറ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. കാർ ഉടമയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു.