chenkal-temple

പാറശാല: ജനപ്രതിനിധികൾ പ്രലോഭനങ്ങൾക്ക് വഴങ്ങാത്തവരും ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ കഴിയുന്നവരുമായിരിക്കണമെന്ന് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയിച്ച തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർ, നെയ്യാറ്റിൻകര മുൻസിപ്പൽ കൗൺസിലർമാർ, വിവിധ ബ്ലോക്ക്‌-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവരെ അനുമോദിക്കുന്നതിനായി മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം മഠം സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങ് ഭദ്രദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കടകംപള്ളി സുരേന്ദ്രൻ. മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പിക്ക്നിക് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതോടൊപ്പം സർക്കാരിന്റെ ടൂറിസം ഫേസ്ബുക്ക് പേജിലും ഇൻസ്റ്റഗ്രാമിലും ഉൾപ്പെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രത്തിൽ ജാതിമത ചിന്തകൾക്ക് അതീതമായി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ക്ഷേത്ര ദർശനം നടത്താവുന്നതാണെന്നും മഠാധിപതി അനുമോദന സന്ദേശത്തിലൂടെ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.ആർ.സലുജ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആശാനാഥ്, ജില്ലാ പഞ്ചായത്ത് മെമ്പർ കോട്ടുകാൽ വിനോദ്, നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജോസ് ഫ്രാങ്ക്ളിൻ, കൗൺസിലർ അലി ഫാത്തിമ, ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ, തിരുപുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീന എസ്. ദാസ്, കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധാർജ്ജുനൻ, കാരോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രൻ നായർ, അതിയന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അനിത കെ., നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ് എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, നെയ്യാറ്റിൻകര മുൻസിപ്പൽ കൗൺസിലർമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ എന്നിവരടങ്ങുന്ന 126 ഓളം ജനപ്രതിനിധികളെ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി, ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം എന്നിവർ ആദരിച്ചു. ക്ഷേത്ര ഉപദേശ സമതി ഭാരവാഹികളായ വി.കെ. ഹരികുമാർ സ്വാഗതവും കെ.പി. മോഹനൻ നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായ ഓലത്താന്നി അനിൽ, പള്ളി മംഗലം പ്രേംകുമാർ, ക്ഷേത്ര ട്രസ്റ്റ് മെമ്പർ വൈ. വിജയൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.