തിരുവനന്തപുരം : കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊലീസിന്റെ നിരീക്ഷണം ശക്തിപ്പെടുത്തി. അടുത്തമാസം 10 വരെയാണ് കർശന നിയന്ത്രണമുള്ളത്. പൊതുസ്ഥലങ്ങളിൽ ഇന്ന് രാവിലെ മുതൽ 25,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇന്ന് മുതൽ രാത്രി 10ന് ശേഷം യാത്രകൾക്ക് നിയന്ത്രണമുണ്ടാകും.
ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ആശുപത്രികൾ, ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നെന്നും മാസ്‌ക് ധരിക്കുന്നെന്നും പൊലീസ് ഉറപ്പാക്കും. നിലവിലുള്ള സെക്ടറൽ മജിസ്‌ട്രേട്ടുമാർക്ക് പുറമേ ആവശ്യമുള്ള സ്ഥലങ്ങളിൽ കൂടുതൽ പേരെ നിയോഗിക്കും. പൊതുസമ്മേളനങ്ങൾ, വിവാഹം, മറ്റ് ചടങ്ങുകൾ എന്നിവ അടഞ്ഞ ഹാളുകളിൽ പാടില്ല. പകരം തുറസായ സ്ഥലങ്ങളിൽ ശാരീരിക അകലം പാലിച്ച് നടത്തണം. ഇക്കാര്യം ഹാൾ അധികൃതർ ശ്രദ്ധിക്കണം. വിവാഹച്ചടങ്ങിൽ ആൾക്കൂട്ടം ഒഴിവാക്കണം.
'അടിസ്ഥാനങ്ങളിലേക്ക് തിരികെ പോവുക' എന്ന മുദ്രാവാക്യമുയർത്തി പ്രതിരോധം ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. പനി ലക്ഷണം കണ്ടാലുടൻ ടെസ്റ്റ് നടത്താനും രോഗം കണ്ടെത്താനും വേണ്ട പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. സിറോ സർവൈലൻസ് സർവേയും ജീനോം പഠനവും നടന്നു വരികയാണ്. അടുത്ത മാസം 15ന് ആദ്യ റിപ്പോർട്ട് പൂർത്തിയാകും.