നെയ്യാറ്റിൻകര: വാടക വീട്ടിൽ താമസിച്ചിരുന്ന യുവതിയുടെ മൃതദേഹം നെയ്യാറിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിക്കൊപ്പം താമസിപ്പിച്ചിരുന്ന ആളെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകരയിൽ ഫ്രൂട്സ് കടയിലെ തൊഴിലാളി തലയൽ ആറാലുംമൂട് തിനവിള പുത്തൻവീട്ടിൽ ഉണ്ണിക്കൃഷ്ണനാണ് (45) അറസ്റ്റിലായത്. കാച്ചാണി സുമഭവനിൽ വരദരാജന്റെ ഭാര്യ സുജയുടെ (38) മൃതദേഹമാണ് കഴിഞ്ഞ ദിവസം നെയ്യാറിലെ പിരായുംമൂട് കടവിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഉണ്ണികൃഷ്ണനെ പിടികൂടി ചോദ്യം ചെയ്തതും പിന്നീട് അറസ്റ്റിലായതും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.