പുതുക്കാട്: വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ പുതുക്കാട് ജംഗ്ഷന് സമീപമുള്ള ക്യാമ്പ് ഓഫീസിൽ ഓട് പൊളിച്ചിറങ്ങി മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് നാഗർകോവിൽ കോട്ടാർ സ്വദേശി ഓട്ടുരൽമഠം വീട്ടിൽ വടിവാൾ ശിവ എന്നറിയപ്പെടുന്ന ശിവദാസ് (49) ആണ് ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കേരളത്തിലും തമിഴ് നാട്ടിലുമടക്കം നൂറിലേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞിറങ്ങി പൊള്ളാച്ചിക്കടുത്ത് കൊള്ളുപാളയം എന്ന സ്ഥലത്തെ ബന്ധുക്കളുടെ സമീപത്തേക്ക് പോകുന്ന വഴിക്കാണ് ഇയാൾ മോഷണ ശ്രമം നടത്തിയത്. പുതുക്കാട് സർക്കിൾ ഇൻസ്‌പെക്ടർ ടി.എൻ. ഉണ്ണിക്കൃഷ്ണൻ, സബ് ഇൻസ്‌പെക്ടർ സിദ്ദിഖ്, അബ്ദുൾ ഖാദർ, സ്‌പെഷ്യൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ടീമിലെ എ.എസ്.ഐമാരായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒമാരായ വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, സൈബർ വിദഗ്ധരായ എം.ജെ. ബിനു, അജിത്, പ്രജിത് എന്നിവരും പുതുക്കാട് സ്റ്റേഷനിലെ എ.എസ്.ഐ: റാഫേൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.