gold-cheating

ഇരിങ്ങാലക്കുട: മുക്കുപണ്ടം പണയം വയ്ക്കാൻ വന്ന സ്ത്രീ അറസ്റ്റിൽ. വെള്ളാങ്ങല്ലൂരിലെ ഊക്കൻസ് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റേഴ്‌സ് എന്ന സ്ഥാപനത്തിൽ പണയം വയ്ക്കാനെത്തിയ എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി ചിറക്കൽ വീട്ടിൽ സുസ്മിതയെ (42) ആണ് ഇരിങ്ങാലക്കുട ഇൻസ്‌പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ല പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 916 ഹോളോഗ്രാം മുദ്രയോടെയുള്ള രണ്ട് വളകളായിരുന്നു പണപ്പെടുത്താനെത്തിയത്. മുൻ പരിചയമില്ലാത്തതിനാൽ സ്ഥാപന ഉടമ വളകൾ പരിശോധിച്ചപ്പോഴാണ് സ്വർണ്ണമല്ലെന്ന് തെളിഞ്ഞത്. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഘം എത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

സുസ്മിതയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്ന് പണയം വയ്ക്കാനുള്ള മുക്കു പണ്ടങ്ങൾ കൈമാറുന്നത് ഒല്ലൂർ പടവരാട് സ്വദേശിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പടവരാട് നിന്നും ഒല്ലൂർ പടവരാട് സ്വദേശി പടിഞ്ഞാറെ വീട്ടിൽ വിജുവിനെ(33)യും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും പലയിടങ്ങളിൽ നിന്നായി മുക്കു പണ്ടം പണയം വച്ച് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്ത വിവരം പൊലീസിന് ലഭിച്ചു.

പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിൽ എസ് ഐ: പി.ജി. അനൂപ്, എ.എസ്.ഐ: ജഗദീഷ് , വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ നിഷി സിദ്ധാർത്ഥൻ , സി.പി.ഒമാരായ വൈശാഖ് മംഗലൻ, രാഹുൽ ,ഫൈസൽ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.