ep-jayarajan

പാപ്പിനിശേരി: തൊഴിൽ രഹിതരില്ലാത്ത കേരളമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായവകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ഇരിണാവിൽ ആരംഭിച്ച വനിത വാൾ പുട്ടി നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ഇരുപത്തി ആറായിരത്തോളം പേർക്കാണ് വ്യവസായവകുപ്പിൽ തൊഴിൽ നൽകിയതെന്നും മന്ത്രി പറഞ്ഞു.

വനിതകൾക്കായി തൊഴിൽ സംരംഭങ്ങൾ തുടങ്ങി തൊഴിലില്ലായ്മ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് വനിതാ വാൾ പുട്ടിനിർമ്മാണ കേന്ദ്രങ്ങൾ ആരംഭിച്ചത്. പെരളശേരിയിലും ഇരിണാവിലുമാണ് യൂണിറ്റുകൾ ആരംഭിച്ചത്. ഒരു യൂണിറ്റിൽ 15 ഓളം വനിതകൾക്ക് ജോലി നൽകാൻ സാധിക്കും. ഇരിണാവിൽ തന്നെ ഒരു യൂണിറ്റ് കൂടി ആരംഭിക്കാനാണ് ആലോചന. ഇത്തരത്തിൽ എല്ലാ ജില്ലകളിലും വാൾ പുട്ടി നിർമ്മാണ യൂണിറ്റുകൾ സ്ഥാപിച്ചാൽ അത് വഴി 250 ഓളം വനിതകൾക്ക് തൊഴിലവസരങ്ങൾ ഒരുക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. മുൻ കാലങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ നേട്ടമാണ് വ്യവസായ വകുപ്പ് കൈവരിച്ചത്. തിരിച്ചു വരവിന്റെ പാതയിലാണ് ട്രാവൻകൂർ, മലബാർ സിമന്റ് കമ്പനികൾ. 28 കോടി രൂപ ചെലവിൽ നാടുകാണിയിൽ ആരംഭിക്കുന്ന ഡൈയിംഗ് യൂണിറ്റ് നെയ്ത്ത് തൊഴിലാളികൾക്ക് പുതുജീവൻ പകരും. ഇത്തരത്തിൽ വ്യവസായ മേഖലയിൽ സജീവ ഇടപെടലുകളാണ് സർക്കാർ നടത്തിക്കൊണ്ടു വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വനിതകൾക്ക് സമൂഹത്തിൽ പ്രാതിനിധ്യം ലഭ്യമാക്കുന്നതിന്റെയും തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് വനിതാ സഹകരണ സംഘങ്ങൾ വഴി വാൾ പുട്ടി നിർമ്മാണ കേന്ദ്രങ്ങൾ ആരംഭിച്ചത്. വ്യവസായ വകുപ്പിന് കീഴിലുള്ള കോട്ടയം ട്രാവൻകൂർ സിമന്റ്സിന്റെ സഹകരണത്തോടെയാണ് സ്ത്രീകളുടെ നേതൃത്വത്തിൽ വാൾപ്പുട്ടി നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുന്നത്. ട്രാവൻകൂർ സിമന്റ്സിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പത്തോളം യൂണിറ്റുകളാണ് തുടങ്ങുന്നത്. പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാങ്കേതിക സഹായവും അസംസ്‌കൃത വസ്തുക്കളും ട്രാവൻകൂർ സിമന്റ്സ് നൽകും. തൊഴിലാളികൾക്കാവശ്യമായ പരിശീലനവും നൽകും. ഇങ്ങനെ ഉത്പ്പാദിപ്പിക്കുന്ന വാൾപ്പുട്ടി, ട്രാവൻകൂർ സിമന്റ്സിന്റെ ബ്രാൻഡിൽ തന്നെ വിപണിയിൽ എത്തിക്കും.

പാപ്പിനിശേരി ഏരിയ വനിത മൾട്ടി വ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് ഇരിണാവിൽ നിർമ്മാണ യൂണിറ്റ് ആരംഭിച്ചത്. ഇരിണാവ് വീവേഴ്സ് കോമ്പൗണ്ടിൽ നടന്ന പരിപാടിയിൽ ടി.വി. രാജേഷ് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യാതിഥിയായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എൻ. അനിൽ കുമാറിന് നൽകി മന്ത്രി ലോഗോ പ്രകാശനം നിർവഹിച്ചു. ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എസ്. സന്തോഷ് പദ്ധതി വിശദീകരിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജർ, കല്യാശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ, പാപ്പിനിശേരി ഏരിയ വനിത മൾട്ടി വ്യവസായ സഹകരണ സംഘം പ്രസിഡന്റ് ഇ.പി. ഓമന, ഓണററി സെക്രട്ടറി സി. റീന, ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് ഡയറക്ടർ എസ്. ഗണേഷ് തുടങ്ങിയവർ സംസാരിച്ചു.