പ്രണയിക്കുന്നവർക്ക് നൽകാൻ പ്രത്യേകിച്ച് ഒരു ഉപദേശവുമില്ലെന്ന് ശ്രുതി ഹാസൻ
ശ്രുതിഹാസൻ 35-ാം പിറന്നാൾ കഴിഞ്ഞ ദിവസം ആഘോഷിച്ചപ്പോൾ ശന്തനു ഹസാരിക എന്ന ഡൽഹി സ്വദേശിയ്ക്ക് നേരെയായിരുന്നു എല്ലാ കണ്ണുകളും . ശ്രുതിയുടെ പുതിയ കാമുകനാണ് ശന്തനു . ഇരുവരും ചേർന്നുള്ള പിറന്നാൾ ചിത്രങ്ങൾ ശ്രുതി പങ്കുവയ്ക്കുകയും ചെയ്തതോടെ നവമാദ്ധ്യമങ്ങൾ അത് ആഘോഷമാക്കി.നടി തമന്നയടക്കമുള്ള ശ്രുതിയുടെ സുഹൃത്തുക്കൾ പങ്കെടുത്തിരുന്നു. ശ്രുതിയുടെ സഹോദരി അക്ഷര ഹാസനും ഒപ്പം ഉണ്ടായിരുന്നു. ശന്തനു ഡൂഡിൾ ആർട്ടിസ്റ്റും ഇല്ലസ്ട്രേറ്ററുമാണ്. ലണ്ടൻ സ്വദേശിയായ മൈക്കിൾ കൊർസലെയുമായി ശ്രുതി നേരത്തേ പ്രണയത്തിലായിരുന്നു. നാലു വർഷത്തെ ഡേറ്റിങിനു ശേഷം തങ്ങൾ വേർപിരിയുകയാണെന്ന് വ്യക്തമാക്കി കുറച്ചുനാളുകൾക്കു മുൻപ് മൈക്കിൾ രംഗത്തുവന്നിരുന്നു. ആ പ്രണയത്തകർച്ച ശ്രുതിയെ മാനസികമായി ഉലച്ചു.താൻ ആ ദുഃഖത്തിൽ നിന്ന് മോചനം നേടിയെന്ന് ശ്രുതി പുതുവർഷത്തിൽ അവകാശപ്പെട്ടു. ''ഞാൻ അത്ര പെട്ടെന്നൊന്നും തളരുന്ന സ്വഭാവക്കാരിയല്ല. നിഷ്കളങ്കയായതിനാൽ ചുറ്റുമുള്ള പലർക്കും എന്നെ പറ്റിക്കാനായേക്കാം. എന്തായാലും പ്രണയം എനിക്കു നല്ല അനുഭവമായിരുന്നു. പ്രണയിക്കുന്നവർക്കു നൽകാൻ പ്രത്യേകിച്ചൊരു ഉപദേശവുമില്ല. നല്ല ആളുകൾ തന്നെ ചീത്ത സമയത്തും ചീത്തയായും. എന്തായാലും പശ്ചാത്തപിക്കാൻ ഞാനില്ല. കുറ്റബോധവുമില്ല. ജീവിതത്തിലെ ഏറ്റവും വലിയ സ്നേഹബന്ധത്തിനു വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. അതു ലഭിക്കുമ്പോൾ തീർച്ചയായും പറയാം". പോയവർഷം ശ്രുതി ഇങ്ങനെ പറഞ്ഞു .താരം മനസ് തുറക്കുകയാണ് ചെയ്തതെന്ന് ആരാധകർ. അതിനാൽ താരത്തിന്റെ പുതിയ പ്രണയം അവർ ആഘോഷമാക്കി. '' സ്വയം സ്നേഹിക്കുക എന്നതാണ് ജീവിതത്തിൽ താൻ പഠിച്ച പാഠം.
വലിയ പാഠം പഠിച്ചത് പോയ വർഷമാണ്. നിങ്ങൾ ആരാണോ അതായിത്തന്നെ സ്വയം സ്നേഹിക്കുക. അതായിരിക്കും ഓരോരുത്തർക്കും ജീവിതത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. എല്ലാവരുടെയും ജീവിതത്തിൽ മാലാഖമാർ പ്രത്യക്ഷപ്പെടാറുണ്ട്. സുഹൃത്തുക്കളുടെ രൂപത്തിൽ ജീവിതത്തെ മുന്നോട്ടു നയിക്കാൻ സ്നേഹവും വെളിച്ചവും കൊണ്ട് എന്നെ താങ്ങി നിറുത്തുകയും മുന്നോട്ടു നയിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളോട് എനിക്കേറെ കടപ്പാടുള്ളത്." മനോഹരമായ ഒരു സെൽഫിക്കൊപ്പം അടുത്തിടെ ശ്രുതി കുറിച്ച വാക്കുകളിൽ പ്രത്യാശ നിറഞ്ഞിരുന്നു.
സിദ്ധാർത്ഥ്, ധനുഷ് എന്നിവരുടെ പേരിനൊപ്പമാണ് ശ്രുതി ഹാസൻ ആദ്യം ഗോസിപ്പ് കോളത്തിൽ നിറയുന്നത്. അവർ രണ്ടുപേരും തന്റെ നല്ല സുഹൃത്തുക്കൾ എന്നാണ് ശ്രുതി അന്ന് പ്രതികരിച്ചത്. സിനിമയിൽ അഭിനയിക്കുമ്പോൾ അതിലെ നായകനെ നായികയുടെ പേരിനൊപ്പം ചേർത്തു വായിക്കുമെന്നും ശ്രുതി. തനിക്കൊന്നേ പറയാനുള്ളൂ. 'ഐ ഡോണ്ട് കെയർ" അല്ലാതെ ഇതൊക്കെ മനസിലിട്ടു ചിന്തിച്ചുകൂട്ടാൻ സമയമില്ല. ആത്മാർത്ഥതയോടെ കാര്യങ്ങൾ ചെയ്യുക - വിവാദങ്ങൾക്ക് ചെവികൊടുക്കാതിരിക്കുക. അതാണ് ശ്രുതിയുടെ രീതി. താൻ ഒരു സ്വതന്ത്ര മോഹിയാണെന്ന് ശ്രുതി ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. വിവാഹം, കുഞ്ഞുങ്ങൾ എല്ലാം രസമുള്ള കാര്യം തന്നെ. എല്ലാം ആസ്വദിക്കണമെന്നും ശ്രുതി. ആരാധകർ ഇപ്പോൾ ഉറ്റു നോക്കുന്നു. എപ്പോഴായിരിക്കും വിവാഹം.