
മോഹൻലാലിന്റെ ലൂസിഫർ സിനിമയിലെ മെഗാഹിറ്റ് ഗാനമായ 'റഫ്താര' പാടി അതിശയിപ്പിച്ച ജ്യോത്സന, കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന 'മരട് 357' എന്ന ചിത്രത്തിനു വേണ്ടി പാടിയ 'ഹോ ജനേ ദേ' എന്ന ഗാനം സംഗീത പ്രേമികൾക്കിടയിൽ തരംഗമാകുന്നു. ഈ വർഷം പുറത്തിറങ്ങിയ ആദ്യ സൂപ്പർ ഹിറ്റ് ഗാനം എന്ന നേട്ടം സാനന്ദ് ജോർജ്ജ് ഗ്രേസ് ഈണം നൽകിയ ഈ ഹിന്ദി ഗാനം നേടി. നടൻ ഉണ്ണിമുകുന്ദനാണ് ഗാനരചന നടത്തിയത്. സിനിമയിലെ ക്ലൈമാക്സ് രംഗങ്ങളെ സ്വാധീനിക്കുന്ന ഗാനമാണ് 'ഹോ ജനേ ദേ'. ലൂസിഫറിലേതു പോലെ അപ്രതീക്ഷിതമായാണ് മരട് സിനിമയിൽ ജ്യോത്സനയെത്തിയത്. മരട് ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ് , കഥാഗതിയെ മാറ്റിമറിക്കുന്ന രംഗത്തിൽ ഹിന്ദിപ്പാട്ട് ഉൾപ്പെടുത്തിയത്. ഗാനത്തിന്റെ മേക്കിംഗ് വീഡിയോ ആദ്യ ദിവസം മാത്രം രണ്ട് ലക്ഷത്തോളം പേരാണ് കണ്ടത്. ട്യൂൺ അയച്ച് മണിക്കൂറുകൾക്കുള്ളിൽ ഹിന്ദി വരികളെഴുതി ഉണ്ണിമുകുന്ദൻ ഞെട്ടിച്ചുവെന്ന് സംഗീത സംവിധായകൻ സാനന്ദ് ജോർജ്ജ് ഗ്രേസ് പറഞ്ഞു. എഴുതക മാത്രമല്ല, വരികൾ ഉണ്ണിമുകുന്ദൻ സ്വന്തം ശബ്ദത്തിൽ പാടി അയയ്ക്കുകയും ചെയ്തു. മരട് 357ലെ ഹിന്ദി ഹിന്ദി ഗാനം ഉൾപ്പെടെ നാല് പശ്ചാത്തല ഗാനങ്ങളും പശ്ചാത്തല സംഗീതവും സാനന്ദ് ജോർജ്ജ് ഗ്രേസാണ് ഒരുക്കിയത്.
സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നു പൊളിച്ചു നീക്കിയ മരട് ഫ്ളാറ്റ് സമുച്ചയങ്ങളുടെയും കുടിയൊഴിപ്പിക്കപ്പെട്ട 357 കുടുംബങ്ങളുടെയും കഥയും സമകാലീന കേരളത്തിന്റെ സാമൂഹ്യ അവസ്ഥയും പ്രതിപാദിക്കുന്ന മരട് 357 ദേശീയ ശ്രദ്ധ ആകർഷിച്ച സിനിമയാണ്. ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചു. വി.ടി.ശ്രീജിത്താണ് ചിത്രത്തിന്റെ എഡിറ്റർ. അനൂപ് മേനോൻ, ധർമ്മജൻ ബോൾഗാട്ടി, സെന്തിൽകൃഷ്ണ, ബൈജു സന്തോഷ്, മനോജ് കെ ജയൻ, സാജിൽ, ഷീലു എബ്രഹാം, നൂറിൻ ഷെരീഫ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരീഷ് കണാരൻ, സുധീഷ്, ശ്രീജിത്ത് രവി, കൈലാഷ്, ജയൻ ചേർത്തല, അഞ്ജലി, സരയൂ, മൻരാജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലെ അഭിനേതാക്കളാണ്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവും സ്വർണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ കാഞ്ഞിരംകുളവും ചേർന്നാണ് മരട് 357 നിർമ്മിച്ചത്. പി.ആർ.ഒ: എ.എസ്.പ്രകാശ്.