തിരുവനന്തപുരം: അഞ്ചു വയസു കഴിയാത്ത 24.49 ലക്ഷം കുട്ടികൾക്ക് നാളെ പോളിയോ തുള്ളിമരുന്ന് നൽകാൻ ഇരുപത്തിനാലായിരത്തിലേറെ ബൂത്തുകൾ സജ്ജമായി. കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ അഭ്യർത്ഥിച്ചു.
എല്ലാ വാക്സിനേറ്റർമാരും എൻ-95 മാസ്ക്, ഫേസ് ഷീൽഡ്, ഗ്ലൗസ് എന്നിവ ധരിക്കണം. ഇൻഫ്ളുവൻസ പോലുള്ള രോഗങ്ങൾ, പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെ നിയോഗിക്കരുത്. ഓരോ കുട്ടിക്കും വാക്സിൻ കൊടുക്കുന്നതിനു മുമ്പും ശേഷവും വാക്സിനേറ്റർ കൈകൾ അണുവിമുക്തമാക്കണം.
കൊവിഡ് നിരീക്ഷണത്തിൽ ആരെങ്കിലും വീട്ടിൽ ഉണ്ടെങ്കിൽ നിരീക്ഷണം കഴിഞ്ഞശേഷം തുള്ളി മരുന്ന് നല്കണം.
കൊവിഡ് രോഗി ഉണ്ടെങ്കിൽ നെഗറ്റീവ് ആയശേഷം 14 ദിവസം കഴിഞ്ഞ് തുള്ളി മരുന്ന് നൽകാം.
അഞ്ചുവയസിൽ താഴെയുള്ള കുട്ടിക്ക് കൊവിഡ് ബാധിച്ചെങ്കിൽ നെഗറ്റീവായി നാല് ആഴ്ചയ്ക്ക് ശേഷമേ തുള്ളിമരുന്ന് നല്കാവൂ.
ആശുപത്രികളിൽ ബൂത്തുകൾ ഒ.പി, ഐ.പി വിഭാഗങ്ങളിൽനിന്ന് ദൂരെ തിരക്കില്ലാത്ത ഭാഗത്തായിരിക്കണം. മുറി വായുസഞ്ചാരവും കയറാനും ഇറങ്ങാനും പ്രത്യേകം വാതിലുകൾ ഉള്ളതുമാകണം.
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്
ഡ്രോപ്പർ കുട്ടിയുടെ വായിൽ സ്പർശിക്കാതെ ശ്രദ്ധിക്കണം.
ഒരു സമയം ബൂത്തിൽ 5 കുട്ടികൾ. അറിയിച്ചിരിക്കുന്ന സമയത്ത് കുട്ടിയുമായി ഒരാൾ എത്തണം.
2 മീറ്റർ അകലം പാലിക്കണം. കൂടെ വരുന്നവർ മാസ്ക് ധരിക്കണം.
നാലാഴ്ചയ്ക്കുള്ളിൽ കൊവിഡ് പോസിറ്റീവ് ആയ കുട്ടികൾ, രക്ഷാകർത്താക്കൾ, പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ എത്തേണ്ടതില്ല.
60 വയസ് കഴിഞ്ഞവർ കുട്ടികളെ കൊണ്ടുവരരുത്.