കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിക്കൂർ നിയോജക മണ്ഡലത്തിൽ ഇക്കുറി സിറ്റിംഗ് എം.എൽ.എയായ കെ.സി. ജോസഫ് മത്സരിക്കാനില്ലെന്ന് ഉറപ്പായി. കോൺഗ്രസിലും യു.ഡി.എഫിലും പകരം ഉയർന്നുവരുന്നത് അഡ്വ. സോണി സബാസ്റ്റ്യന്റെ പേരാണ്. മണ്ഡലത്തിലെ കരുവഞ്ചാൽ സ്വദേശിയായ സോണി കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയാണ്. മാത്രമല്ല കോൺഗ്രസിലെ ഗ്രൂപ്പുകളിൽ കെ.സിയുടെ ഗ്രൂപ്പായ എ ഗ്രൂപ്പിൽപ്പെട്ട നേതാവുമാണ്. കെ.സിക്ക് താത്പര്യം സോണിയോട് തന്നെയാണ്.
1982 മുതൽ 2006ൽ നടന്ന തിരഞ്ഞെടുപ്പുവരെ കെ.സി അല്ലാതെ മറ്റൊരു പേര് ഇരിക്കൂർ മണ്ഡലത്തിൽ വന്നിട്ടുമില്ല. കോൺഗ്രസിനോടും പ്രത്യേകിച്ച് കെ.സിയോടും ഏറെ മാനസിക ബന്ധമുള്ളവരാണ് ഇരിക്കൂറിലെ വോട്ടർമാർ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ പി. സന്തോഷ് 56,746 വോട്ട് മാത്രം നേടിയപ്പോൾ കെ.സി. ജോസഫിന് 68,503 വോട്ടുകളാണ് ലഭിച്ചത്. 1991ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി തൃക്കരിപ്പൂർ മണ്ഡലത്തിൽ മത്സരിച്ച അനുഭവവും സോണി സബാസ്റ്റ്യനുണ്ട്.
കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ സോണി യൂത്ത് കോൺഗ്രസ് സംസ്ഥാന ട്രഷററായും പ്രവർത്തിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനോടൊപ്പം ഉണ്ടായ കോരള കോൺഗ്രസ് മാണിഗ്രൂപ്പ് പിളർന്ന് ജോസ് കെ. മാണിയും കൂട്ടരും ഇടതു മുന്നണിയിലേക്ക് ചേക്കേറിയത് മണ്ഡലത്തിലെ ജയപരാജയത്തെ ചെറുതായെങ്കിലും സ്വാധീനിക്കും. ജില്ലയിൽ ഒരു സീറ്റാണ് ഇടതു മുന്നണി മാണി ഗ്രൂപ്പിന് നൽകാൻ ധാരണയായിട്ടുള്ളത്. പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് ജോയ് കൊന്നക്കലായിരിക്കും മാണിഗ്രൂപ്പ് സ്ഥാനാർത്ഥിയായി മത്സരിക്കുക. അങ്ങനെ വന്നാൽ ഇരിക്കൂറിലെ തിരഞ്ഞെടുപ്പിൽ തീപ്പാറും. സോണി സബാസ്റ്റ്യനും ജോയി കൊന്നക്കലും ഒരേ നാട്ടുകാർ എന്നതിലുപരി രണ്ടുപേരും താമസിക്കുന്നത് കഷ്ടിച്ച് ഒന്നര കിലോമീറ്റർ ദൂരത്തിലാണ്. എന്നാൽ കേരള കോൺഗ്രസ് മാണിക്ക് താത്പര്യം ഇരിക്കൂറിനെ അപേക്ഷിച്ച് പേരാവൂർ മണ്ഡലമാണ്. ഇന്നലെ നടന്ന ഇടതു മുന്നണി യോഗത്തിൽ അവരത് മുന്നണി യോഗത്തിലും സി.പി.എം ജില്ലാ നേതൃത്വത്തേയും അറിയിച്ചിട്ടുണ്ട്.