പൂവാർ: മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പുന:രധിവാസ പദ്ധതിയായ 'പുനർഗേഹം'ഫ്ലാറ്റ്സമുച്ചയങ്ങൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഇതിന്റെ ഒന്നാം ഘട്ടം ഫെബ്രുവരി ആദ്യവാരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കാരോട് ഗ്രാമ പഞ്ചായത്തിലെ പുതുശ്ശേരി വാർഡിൽ 128 കുടുംബങ്ങൾക്കായുള്ള ഫ്ലാറ്റ് നിർമ്മാണമാണ് പുരോഗമിക്കുന്നത്. തീരത്തു നിന്നും മാറി, റോഡ് സൗകര്യമുള്ള 2.20ഏക്കറിലാണ് 12.80 കോടി ചെലവിട്ട്ഫ്ലാറ്റുകൾ നിർമ്മിക്കുന്നനത്. 1 വീടിന് 10 ലക്ഷമാണ് വകയിരിത്തിയിട്ടുള്ളത്. ഒരു ബിൽഡിംഗിൽ 4 കുടുംബങ്ങൾക്ക് താമസിക്കാം..
ജില്ലയിൽ 581 ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. അനുവദിച്ചിട്ടുള്ള പത്ത് ലക്ഷം രൂപയിൽ 6 ലക്ഷം വരെ ഭൂമി വാങ്ങുന്നതിനും 4 ലക്ഷം വരെ വീട് നിർമ്മിക്കുന്നതിനും ഉപയോഗിക്കാം. തീരത്തെ വേലിയേറ്റ മേഖലയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളിൽ നിന്നും, തുടർച്ചയായ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശത്തെ കുടുംബങ്ങളിൽ നിന്നും സർവ്വേ നടത്തിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്. ഇവരെ സുരക്ഷിത മേഖലകളിലേയ്ക്ക് പുനരധിവസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാനത്ത് ആകെ 18685 കുടംബങ്ങളെ ഈ പദ്ധതി പ്രകാരം മാറ്റി പാർപ്പിക്കാനാകുമെന്നാണ് കരുതുന്നത്..
നിരന്തര കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികളുടെ ജീവനും സ്വത്തും നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്. ഈ പദ്ധതി പൂർത്തീകരിക്കുന്നതോടെ അതിന് പരിഹാരം കാണാനാകുമെന്ന് കെ. ആൻസലൻ എം.എൽ.എ അറിയിച്ചു.
ഫോട്ടോ: 1,കാരോട് ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരിയിൽ ഉദ്ഘാടനത്തിനൊരുങ്ങുന്ന 'പുനർഗേഹം' ഫ്ലാറ്റ് സമുച്ചയങ്ങൾ.
2, കെ.ആൻസലൻ എം.എൽ.എ.