doctor

തിരുവനന്തപുരം: ശമ്പളപരിഷ്കരണം നടപ്പാക്കാത്തതിലും ആനുകൂല്യങ്ങൾ ലഭിക്കാത്തതിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ഇന്നലെ സൂചനാ പണിമുടക്ക് നടത്തി.ഫെബ്രുവരി 9 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ഡോക്ടർമാർ അറിയിച്ചു.

ഇന്നലെ രാവിലെ എട്ട് മുതൽ 11 വരെ മൂന്ന് മണിക്കൂർ നേരം ഒ.പിയും ഇലക്ടീവ് ശസ്ത്രക്രിയകളും ബഹിഷ്കരിച്ചു. ഒ.പി മുടങ്ങിയതോടെ രോഗികൾ ദുരിതത്തിലായി. മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് ഡോക്ടർമാരെ കാണാനായത്. കൊവിഡ് ചികിത്സ, അടിയന്തര ശസ്ത്രക്രിയകൾ, ഐ.സി.യു, ലേബർ റൂം, അത്യാഹിതവിഭാഗം, വാർഡ് സേവനങ്ങൾ എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിരുന്നു.

2016 മുതലുള്ള അലവൻസ് പരിഷ്‌കരണത്തോടുകൂടിയ ശമ്പളകുടിശിക നൽകുക, ശമ്പള പരിഷ്‌കരണ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടിഎ) നേതൃത്വത്തിലായിരുന്നു സൂചനാ പണിമുടക്ക്.

ആലപ്പുഴ മെഡിക്കൽ കോളേജിൽ കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.ബിനോയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംസ്ഥാന സെക്രട്ടറി ഡോ. നിർമ്മൽ ഭാസ്‌കറും ഉദ്ഘാടനം ചെയ്തു.

ഫെബ്രുവരി 5ന് എല്ലാ മെഡിക്കൽ കോളേജുകളിലും 24 മണിക്കൂർ റിലേ നിരാഹാരസമരം നടത്തും.