alappuzha-bypass

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ഗതാഗതത്തിനു സജ്ജമായ ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ച വൻ പുരുഷാരം ഭരണാധികാരികളെ നിശബ്ദമായി ഓർമ്മിപ്പിച്ച ഒരു കാര്യം വികസന പദ്ധതികളുടെ നടത്തിപ്പിൽ സംസ്ഥാനത്തു സ്ഥിരമായി കണ്ടുവരുന്ന അസാധാരണമായ കാലതാമസവും കെടുകാര്യസ്ഥതയും എങ്ങനെ ഒഴിവാക്കാനാകുമെന്നതാണ്. കഷ്ടിച്ച് ഏഴു കിലോമീറ്ററിൽ താഴെ മാത്രം ദൈർഘ്യമുള്ള ബൈപ്പാസ് പൂർത്തിയാകാൻ സുദീർഘമായ അരനൂറ്റാണ്ടോളം വേണ്ടിവന്നു എന്നത് മാറിമാറി സംസ്ഥാനം ഭരിച്ചവരെ മാത്രമല്ല ജനങ്ങളെയും ലജ്ജിപ്പിക്കാൻ പോന്നതാണ്. ബൈപ്പാസ് ആശയം ഉടലെടുത്ത കാലത്ത് 17 കോടി രൂപയാണു നിർമ്മാണച്ചെലവ് കണക്കാക്കിയത്. കാലതാമസത്തിനും കെടുകാര്യസ്ഥതയ്ക്കും നൽകേണ്ടിവന്ന വില 370 കോടി രൂപ. ആലപ്പുഴയിലെ ശ്വാസം മുട്ടിക്കുന്ന തിരക്കിൽ നിന്ന് വാഹനയാത്രക്കാരെ രക്ഷിക്കാൻ കഴിയുന്ന ഈ ബൈപ്പാസ് ഇപ്പോഴെങ്കിലും പൂർത്തീകരിക്കാനായത് ഇപ്പോഴത്തെ സർക്കാരിന്റെ പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയന്റെയും മരാമത്തു മന്ത്രി ജി. സുധാകരന്റെയും നിശ്ചയദാർഢ്യവും അർപ്പണബോധവും ഒന്നുകൊണ്ടു മാത്രമാണ്. അവകാശവാദികൾ ഏറെ ഉണ്ടെങ്കിലും അവസാന കടമ്പകൾ മറികടക്കാനുള്ള നടപടി എടുത്തതും ലക്ഷ്യപ്രാപ്തി കൈവരിച്ചതിനുമുള്ള മുഴുവൻ ക്രെഡിറ്റും ഈ സർക്കാരിനു തന്നെയാണ്. ഉദ്ഘാടനച്ചടങ്ങ് അലങ്കോലമാക്കാൻ ഒരുവിഭാഗം കോൺഗ്രസ് പ്രവർത്തകർ നടത്തിയ ശ്രമമാകട്ടെ സ്വന്തം പാപ്പരത്തം ജനമദ്ധ്യത്തിൽ തുറന്നുകാട്ടാൻ മാത്രമേ ഉപകരിച്ചുള്ളൂ എന്നു പ്രത്യേകം പറയേണ്ടതില്ല. സംസ്ഥാനത്തിനു ഒന്നാകെ പ്രയോജനപ്പെടുന്ന ഒരു ബൈപ്പാസിന്റെ ഉദ്ഘാടന വേള രാഷ്ട്രീയ താത്‌പര്യങ്ങൾ മാറ്റിവച്ച് ഒന്നിച്ചുനിന്ന് ആഘോഷമാക്കുന്നതിനു പകരം കൊതിക്കെറുവും സങ്കുചിതത്വവും പുറത്തെടുത്ത് കലക്കാൻ ശ്രമിച്ചത് മഹാ അപരാധം തന്നെയാണ്.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയം മാറ്റിവച്ച് യോജിച്ചു നിന്നതിന്റെ നേട്ടമായിട്ടാണ് മരാമത്തുമന്ത്രി സുധാകരൻ ബൈപാസ് പൂർത്തീകരണത്തെ കാണുന്നത്. അതു വളരെ ശരിയുമാണ്. വികസന പദ്ധതികൾ ആവിഷ്കരിച്ചതുകൊണ്ടുമാത്രം ദൗത്യം അവസാനിക്കുന്നില്ല. സ്ഥലമെടുപ്പു മുതൽ നിർമ്മാണം പൂർത്തിയാകുന്ന ഘട്ടം വരെ എത്രയെത്ര തടസങ്ങളാണ് മുന്നിൽ ഉയരുന്നത്. അവ കണ്ടറിഞ്ഞ് പരിഹരിക്കാൻ കഴിയുന്നതിലാണ് മിടുക്കു കാണിക്കേണ്ടത്. കേന്ദ്രത്തിലെ ബന്ധപ്പെട്ട മന്ത്രിയുമായും ഉദ്യോഗസ്ഥന്മാരുമായും നിരന്തര സമ്പർക്കം ഇതിനാവശ്യമാണ്. നല്ല ബന്ധങ്ങളാണ് എപ്പോഴും ഇത്തരം കാര്യങ്ങളിൽ സംസ്ഥാനത്തിനു തുണയാകുന്നത്. ആലപ്പുഴ ബൈപ്പാസിന്റെ കാര്യത്തിൽ മരാമത്തു മന്ത്രി നടത്തിയ ഫലപ്രദമായ ഇടപെടലുകൾ ഏറെ സഹായിച്ചിട്ടുണ്ട്.

അടിസ്ഥാന വികസന മേഖലയിൽ കേരളത്തിന് ഇനിയും ബഹുദൂരം മുന്നോട്ടുപോകാനുണ്ട്. വിവിധ ജില്ലകളിലായി പന്തീരായിരത്തിലധികം കോടി രൂപ ചെലവു വരുന്ന റോഡ് വികസന പദ്ധതികൾക്കു തുടക്കമിട്ടു കഴിഞ്ഞതായി മുഖ്യമന്ത്രി ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു. ആലപ്പുഴ ബൈപ്പാസ് പോലെ കാസർകോടു മുതൽ തിരുവനന്തപുരം വരെ നീളുന്ന ദേശീയ പാത നവീകരണവും പതിറ്റാണ്ടുകളായി കാത്തുകിടക്കുകയാണ്. സ്ഥലം എടുപ്പിലും മറ്റു സാങ്കേതിക പ്രശ്നങ്ങളിലും പെട്ട് നീണ്ടുനീണ്ടുപോയ ദേശീയ പാത വികസനം അടുത്ത അഞ്ചുകൊല്ലത്തിനകമെങ്കിലും പൂർത്തീകരിക്കണമെങ്കിൽ വലിയ തോതിൽ അദ്ധ്വാനിക്കേണ്ടിവരും. പുതിയ മരാമത്ത് മന്ത്രി ആരായാലും ഒരു വെല്ലുവിളിയായിത്തന്നെ ആ ദൗത്യം ഏറ്റെടുക്കുകയും വേണം. സംസ്ഥാനത്തെ റോഡ് വികസന കാര്യങ്ങളിൽ പ്രത്യേക താത്‌പര്യം കാണിക്കുന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി മുഖ്യമന്ത്രി പിണറായി വിജയനെ ഡൽഹിയിലേക്ക് പ്രത്യേകം ക്ഷണിച്ചത് അവസരമാക്കിയെടുക്കാൻ ശ്രമിക്കണം. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ വിശദമായി അവതരിപ്പിക്കാൻ വേണ്ടിയാണ് ഈ ക്ഷണം. റോഡ് നിർമ്മാണത്തിന് കയർ, ചണം, റബർ തുടങ്ങിയ തനതു വിഭവങ്ങൾ ഉപയോഗിക്കണമെന്ന ഗഡ്‌കരിയുടെ നിർദ്ദേശം സ്വാഗതാർഹമാണ്. കൂട്ടത്തിൽ പരിസ്ഥിതിക്കു വലിയ ഭീഷണിയായി മാറിയിരിക്കുന്ന പ്ളാസ്റ്റിക്കും റോഡ് നിർമ്മാണത്തിന് ഉപയോഗപ്പെടുത്താവുന്നതാണ്. മുഖ്യമന്ത്രി ഇക്കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.

റോഡുകൾ വികസിപ്പിക്കുന്നതിനൊപ്പം റോഡ് ഉപയോഗിക്കുന്നവരിൽ കൂടുതൽ അവബോധമുണ്ടാക്കാനുള്ള ശാസ്ത്രീയ സമീപനങ്ങളെക്കുറിച്ചും ആലോചിക്കണം. കാരണം അത്രയധികം ജീവനുകളാണ് ഓരോ ദിവസവും റോഡുകളിൽ പൊലിയുന്നത്. സംസ്ഥാനത്ത് ഒരു വർഷം അയ്യായി രത്തിലധികം പേർ റോഡപകടങ്ങളിൽ മരിക്കുന്നതായാണു കണക്ക്. അഖിലേന്ത്യാ തലത്തിൽ മരണം ഒന്നര ലക്ഷത്തിലേറെയാണ്. പൊതുനിരത്തിൽ ജീവൻ പൊലിയുന്നവരിൽ ബഹുഭൂരിപക്ഷവും യുവത്വം കഴിഞ്ഞിട്ടില്ലാത്തവരാണ്. കുടുംബങ്ങൾക്കു മാത്രമല്ല, രാജ്യത്തിനും ഇതുമൂലമുണ്ടാകുന്ന നഷ്ടം ഊഹിക്കാവുന്നതേയുള്ളൂ. മികച്ച റോഡുകൾക്കൊപ്പം അപകടരഹിതമായി വാഹനം ഓടിക്കാനുള്ള പരിശീലനവും സ്വായത്തമാക്കേണ്ടത് ആവശ്യമാണ്. ഗതാഗത നിയമങ്ങളും റോഡ് നിയമങ്ങളും കർക്കശമായി പാലിക്കുമെന്ന് ഉറപ്പാക്കണം. നിയമലംഘനത്തിന് പെറ്റി വഴി ലഭിക്കുന്ന വൻ വരുമാനത്തിൽ മാത്രമാകരുത് സർക്കാരിന്റെ ശ്രദ്ധ. പൊതുനിരത്തുകളെ കഴിയുന്നത്ര അപകട വിമുക്തമാക്കാനുള്ള വിപുലമായ കർമ്മപദ്ധതി ആവിഷ്കരിക്കണം.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പത്തു റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണം തുടങ്ങാൻ പോവുകയാണ്. അനവധി വർഷങ്ങളായി ജനങ്ങൾ കാത്തിരിക്കുന്ന പദ്ധതിയാണിത്. സർക്കാരിന്റെ അവസാന നാളുകളിലേക്കു നീട്ടിക്കൊണ്ടുപോകാതെ നേരത്തെ തന്നെ പ്രാവർത്തികമാക്കേണ്ട പദ്ധതിയായിരുന്നു ഇത്. ഏതായാലും നിർമ്മാണോദ്ഘാടനം കഴിഞ്ഞ നിലയ്ക്ക് സമയബന്ധിതമായി അവ പൂർത്തിയാക്കുകയും വേണം. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കുരുങ്ങി ഒട്ടേറെ പാതകളും മേൽപ്പാലങ്ങളും റെയിൽവേ വികസന പദ്ധതികളും മുടങ്ങിക്കിടപ്പുണ്ട്. പ്രാദേശികമായ വികാരങ്ങൾ ജ്വലിപ്പിച്ച് ആളുകളെ ഇളക്കിവിടാൻ എവിടെയും രാഷ്ട്രീയക്കാരുമുണ്ട്. വികസന പദ്ധതികളോടുള്ള സമീപനത്തിൽ കാതലായ മാറ്റങ്ങളുണ്ടായില്ലെങ്കിൽ ഇനിയുള്ള കാലം ഏറെ പിന്നിലാകും കേരളത്തിന്റെ സ്ഥാനം. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹകരണം പോലെ തന്നെ പ്രധാനമാണ് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് സർക്കാർ സ്വീകരിക്കുന്ന സമീപനവും.