1

നെയ്യാറ്റിൻകര: കൂട്ടപ്പന-കമുകിൻകോട് അവണാകുഴി-ഓലത്താന്നി റോഡ് പണി ആരംഭിച്ചു. 10 ദിവസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്ന് പി.ഡബ്ല്യൂ.ഡി അധികൃതർ. 5 കോടി 88 ലക്ഷം രൂപ ചെലവാക്കി നബാർഡിൻെറ ഫണ്ട് ഉപയോഗിച്ചാണ് റോഡിൻെറ റീ ടാറിംഗ് പണി ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കു മുമ്പ് ടാറിംഗിൻെറ പ്രാരംഭ ഘട്ടമായ മെറ്റൽ പാകൽ നടന്നെങ്കിലും ടാറിംഗ് അനന്തമായി നീളുകയായിരുന്നു. റോഡിൽ പാകിയ കരിങ്കല്ലുകൾ ഇളകി കാൽനട യാത്രാക്കാർ അപകടത്തിൽ പെടുന്നതും പതിവായി. ഇതു സംബന്ധിച്ച് കേരള കൗമുദി നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയുടെ അടിസ്ഥാനത്തിൽ നാട്ടുകാരുടെ പരാതി പരിഗണിച്ചാണ് അടിയന്തിരമായി റോഡു പണി നടത്താൻ അധികൃതർ തയാറായത്. ഇപ്പോൾ കൊടങ്ങാവിള മുതൽ അവണാകുഴി വരെയുള്ള ഭാഗമാണ് ടാർ ചെയ്തത്. കൂട്ടപ്പന മുതൽ കൊടങ്ങാവിള വരെയും കൊടങ്ങാവിള മുതൽ ഓലത്താന്നിവരെയും ഉള്ള പണികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.