പാലോട് - ഗ്രാമീണസാമ്പത്തിക മേഖലയുടെ നെടുംതൂണായ പശുവളർത്തലിൽ വിജയക്കൊടിപാറിക്കുന്നതിൽ മുന്നിൽ നിൽക്കുകയാണ് മലയോരമേഖലയായ നന്ദിയോട് പഞ്ചായത്ത്.
ക്ഷീരസമൃദ്ധിയിൽ സ്വപ്നങ്ങൾ നെയ്തെടുക്കാനാകുന്നതിന്റെ നിറഞ്ഞ പുഞ്ചിരിയാണ് ഇവിടെയുള്ള കർഷകരിൽ കാണാനാകുന്നത്. ഈ ഗ്രാമപഞ്ചായത്തിലൂടെ സഞ്ചരിച്ചാൽ പശുവളർത്തലിലൂടെ ജീവിതം കരുപ്പിടിപ്പിച്ച നിരവധി കർഷകരെ കാണാം. നന്ദിയോടിന്റെ ക്ഷീരഗാഥയ്ക്ക് പിന്നിൽ അണിനിരന്നവരും ഇവർതന്നെയാണ്. പാൽ ലഭ്യതയിലും പഞ്ചായത്ത് ഒട്ടും പിന്നിലല്ല. വാമനപുരം നദിയുടെ പച്ചപ്പ് പ്രയോജനപ്പെടുത്തിയും കാലി പരിചരണത്തോടൊപ്പം ജൈവകൃഷിയും സംയോജിപ്പിച്ചാണ് പല കർഷകരും മുന്നോട്ടു പോകുന്നത്. ത്രിതല പഞ്ചായത്തുകളും മിൽമയും ക്ഷീരകർഷകർക്കായി വിവിധ ക്ഷേമപദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ക്ഷീരസംഘങ്ങൾ മുഖേന പാൽ ഉത്പാദന സബ്സിഡി, തൊഴുത്ത് നിർമ്മാണം,പശുവളർത്തൽ തുടങ്ങിയ പദ്ധതികൾക്ക് ധനസഹായം ലഭ്യമാക്കുന്നുണ്ട്. യുവാക്കളും ക്ഷീരമേഖലയിൽ സജീവമാണ്എന്നതാണ് ഇവിടത്തെ പ്രത്യേകത.
നാടൻ പശുക്കളെക്കാൾ സങ്കരയിനം പശുക്കളാണ് ഇവിടെ വളർത്തുന്നത്. രോഗപ്രതിരോധശേഷിയും പാലുത്പാദനവും കണക്കിലെടുത്താണ് സങ്കരയിനങ്ങളെ വളർത്തുന്നത്.
ക്ഷീരസംഘത്തിൽ നിന്നും ശേഖരിക്കുന്ന പാൽ മിൽമയുടെ പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച് 5000 ലിറ്ററോളം പാൽ ദിനംപ്രതി കയറ്റി അയയ്ക്കുന്നു.
1....ഒരുകൈ സഹായം
നന്ദിയോട് പഞ്ചായത്തിൽ മിൽമയുടെ ഏഴോളം പാൽ സംഭരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മിൽമ നൽകുന്ന കാലിത്തീറ്റക്ക് 1240 രൂപയാണ് ഇടാക്കുന്നത്. ഇതിൽ നൂറ് രൂപ സബ്സിഡി നൽകുന്നുണ്ട്. ഇതോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നും ക്ഷീരകർഷക മേഖലയിലെ സ്ത്രീകൾക്ക് ഒരു ചാക്ക് കാലിത്തീറ്റ വാങ്ങുമ്പോൾ ഒരു ചാക്ക് കാലിത്തീറ്റ സൗജന്യമായും നൽകും.
പാൽവില
2019 ൽ പാൽ വില 34 - 39 വരെ
2020 ൽ 48 രൂപ
ഗുണം മുഖ്യം
ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് കർഷകർക്ക് പൈസ ലഭിക്കുന്നത്. ഫാറ്റിന്റെ അടിസ്ഥാനത്തിൽ 34 രൂപ മുതൽ 44 വരെ കർഷകർക്ക് വില ലഭിക്കുന്നുണ്ട്. നന്ദിയോട് ക്ഷീര സംഘത്തിൽ മാത്രം ദിവസം 1000 ലിറ്ററോളം പാൽ സംഭരണം നടക്കുന്നുണ്ട്. പ്രാദേശിക സംഘങ്ങളിൽ നിന്നുൾപ്പെടെ ശേഖരിക്കുന്ന പാൽ നന്ദിയോട് സംഘത്തിൽ മിൽമ സ്ഥാപിച്ചിട്ടുള്ള പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച് 5000 ലിറ്ററോളം പാൽ ദിനംപ്രതി മിൽമയിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്.
എന്താണ് ചര്‍മമുഴ രോഗം?
പശുക്കളിൽ അടുത്തിടെയായി കണ്ടുവരുന്ന
സാംക്രമിക രോഗമാണ് ചർമമുഴ (എൽ.എസ്.ഡി). ഇതിന് കാരണം കാപ്രിപോക്സ് വൈറസ് ഇനത്തിലെ എൽ.എസ്.ഡി വൈറസുകളാണ്. ഈ വൈറസുകളെ കന്നുകാലികളിലേക്ക് പ്രധാനമായും പടർത്തുന്നത് കടിയീച്ച, ചെള്ള്, കൊതുക് തുടങ്ങിയ ബാഹ്യപരാദങ്ങളാണ്. രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും അമ്മയിൽനിന്ന് കിടാവിലേക്ക് പാല്‍ വഴിയും രോഗപ്പകർച്ചയ്ക്ക് സാദ്ധ്യതയുണ്ട്. വായുവിലൂടെയോ തീറ്റസാധനങ്ങളിലൂടെയോ രോഗവ്യാപനം നടന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. രോഗം മൂലമുണ്ടാവുന്ന ദീർഘനാളത്തെ ഉത്പാദന-പ്രത്യുത്പാദന നഷ്ടമാണ് ചർമമുഴ വരുത്തിവയ്ക്കുന്ന ആഘാതം.
"ത്രിതല പഞ്ചായത്തുകളുടെ ഫണ്ടും മിൽമ നൽകുന്ന ഫണ്ടും ഉപയോഗിച്ച് പാലുത്പാദനം വർദ്ധിപ്പിക്കുന്നതിനായി ധാരാളം പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. മിൽമയുടെ സഹകരണത്തോടെ കന്നുകാലികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്."
പി.സനിൽകുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ, നന്ദിയോട് ക്ഷീര സംഘം പ്രഖ്യൂർമെന്റ് അസിസ്റ്റന്റ്