സംവിധായകൻ വി.കെ. പ്രകാശിന്റെ മകൾ കാവ്യ പ്രകാശ് സംവിധായികയാകുന്ന വാങ്ക് മാറുന്ന മലയാള സിനിമയുടെ മറ്റൊരു അടയാളപ്പെടുത്തലാണ്...
ആശയങ്ങളിൽ, അവതരണത്തിൽ മലയാള സിനിമയും മാറ്റത്തിന്റെ വഴിയിലാണ്. വി.കെ. പ്രകാശിന്റെ മകൾ കാവ്യ പ്രകാശ് സംവിധായകയായ വാങ്ക് ആ മാറ്റത്തിന്റെ മറ്റൊരു അടയാളപ്പെടുത്തലാണ്.
'അള്ളാഹു അക്‌ബർ... അള്ളാഹു അക്ബർ..
ദൈവമാണ് ഏറ്റവും മഹാൻ.. ദൈവമല്ലാതെ ആരാധ്യനില്ല. മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാണ്. നമസ്കാരത്തിലേക്ക് വരൂ.... ദൈവത്തിലേക്ക് വരൂ.. എന്നർത്ഥം വരുന്ന അറബി വാക്യങ്ങളാണ് വാങ്കിലുള്ളത്.
നമസ്കാരത്തിനുള്ള സമയമറിയിക്കാനായി മുസ്ലിം പള്ളികളിൽ നിന്ന് ഉറക്കെ ക്ഷണിക്കുന്ന വരികൾ.
മുസ്ലിം പുരുഷന്മാർക്ക് മാത്രമാണ് പള്ളികളിൽ വാങ്ക് വിളിക്കാനുള്ള അവകാശമുള്ളത്. മോതീനെന്നു വിളിക്കുന്ന ആ ആൺപ്രതിനിധികൾക്കുള്ള അവകാശം തനിക്കും ലഭിച്ചിരുന്നെങ്കിലെന്ന മലബാറിലെ ഒരു സാധാരണ മുസ്ലിം പെൺകുട്ടിയായ റസിയയ്ക്ക് തോന്നുന്ന മോഹവും തനിക്ക് അപ്രാപ്യമായ ആ മോഹം സഫലീകരിക്കാനായി യത്‌നിക്കുന്ന റസിയയുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളുമാണ് ഉണ്ണി. ആറിന്റെ രചനയിൽ കാവ്യപ്രകാശ് സംവിധാനം ചെയ്യുന്ന വാങ്ക് പറയുന്നത്.
കയ്യടക്കത്തോടെ
കാവ്യപ്രകാശ്
പ്രശസ്ത സംവിധായകൻ വി.കെ. പ്രകാശിന്റെ മകളാണ് കാവ്യ. അച്ഛനെ ഒരു സിനിമയിൽപ്പോലും അസിസ്‌റ്റ് ചെയ്യാത്ത അച്ഛന്റെ ശിഷ്യനായ മൃദുൽ നായർക്കൊപ്പം ബി.ടെക് എന്ന സിനിമയിൽ മാത്രം പ്രവർത്തിച്ചിട്ടുള്ള കാവ്യപ്രകാശ് തന്റെ കന്നിച്ചിത്രത്തിൽ അസാധാരണമായ കയ്യടക്കമാണ് പ്രകടിപ്പിച്ചിരിക്കുന്നതെന്ന് വാങ്ക് കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു.
പ്രധാന കഥാപാത്രങ്ങളെല്ലാം പെണ്ണുങ്ങൾ. സംവിധായികയും തിരക്കഥാകൃത്തും പെണ്ണുങ്ങൾ. എന്നിട്ടും കപട ഫെമിനിസത്തിന്റെ നാട്യങ്ങൾ വാങ്കിൽ മരുന്നിന് പോലുമില്ലെന്നതാണ് ആ സിനിമയെ അന്തസുറ്റതാക്കുന്നത്. സാധാരണ മലയാളി വനിതകളിലേക്ക് കാമറ തിരിക്കാൻ വാങ്കിന്റെ പെൺകൂട്ടായ്മയ്ക്ക് സാധിച്ചത് എടുത്തുപറയേണ്ട ഒരു നേട്ടമാണെന്ന് നിരൂപകർ അഭിപ്രായപ്പെടുന്നു.
'ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ എങ്ങും പോസിറ്റീവ് റിപ്പോർട്ടുകളാണ്. ഒരുപാട് പെൺകുട്ടികൾ ഇൻസ്റ്റഗ്രാമിലൂടെയും മറ്റും മെസേജ് ചെയ്തു. ഇത് അവരുടെ കഥയാണ്. അവർക്ക് വേണ്ടി സംസാരിക്കുന്ന സിനിമയാണ് എന്നൊക്കെ പറഞ്ഞ്..." കാവ്യപ്രകാശ് ആഹ്ളാദത്തോടെ പറയുന്നു.
* വാങ്കിന്റെ കഥയിൽ കാവ്യയെ ആകർഷിച്ച ഘടകമെന്താണ്?
കാവ്യപ്രകാശ്: പുരുഷന്മാർ മാത്രം ചെയ്യുന്ന വാങ്ക് തനിക്കും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു പെൺകുട്ടിക. കുട്ടിക്കാലം തൊട്ടേ അതൊരു കൗതുകവും മോഹവുമായി അവളുടെ മനസിലുണ്ട്. എല്ലാവർക്കും പലപല ആഗ്രഹങ്ങളും മോഹങ്ങളുമുണ്ട്. ചിലത് സഫലമാകും. ചിലത് വിഫലമാകും. തന്റെ മോഹം സഫലമാക്കിയെടുക്കുമെന്ന ഒരു പെൺകുട്ടിയുടെ നിശ്ചയ ദാർഡ്യം. അത് തന്നെയാണ് വാങ്കിൽ എനിക്ക് ആദ്യം സ്ട്രൈക്ക് ചെയ്തത്.
* ആദ്യ സിനിമയ്ക്ക് അച്ഛൻ എത്രത്തോളം സഹായിച്ചിട്ടുണ്ട്.
വാങ്ക് ഞാൻ സിനിമയാക്കാൻ തീരുമാനിച്ച ശേഷം അച്ഛൻ എനിക്ക് ഒരുപാട് റെഫറൻസ് തന്നു. യൂ ഷുഡ് വാച്ച് എന്ന് പറഞ്ഞ് കുറേ ഇറാനിയൻ ടർക്കിഷ് സിനിമകൾ ഒക്കെ എനിക്ക് സജസ്റ്റ് ചെയ്തു. കുറേ ഇന്റർനാഷണൽ ഫിലിം മേക്കേഴ്സിിന്റെ സിനിമകൾ...
* വാങ്ക് കണ്ടിട്ട് ആരാെക്കെ വിളിച്ചു?
ഒരുപാട് സംവിധായകർ വിളിച്ചു. അതാണ് ഏറ്റവും വലിയ സന്തോഷം. മാർട്ടിൻ പ്രക്കാട്ട് സർ, ജിത്തു ജോസഫ് സർ, എബ്രിഡ് ഷൈൻ സർ, അനിൽ രാധാകൃഷ്ണ മേനോൻ സാർ, മൃദുൽ നായർ അവരൊക്കെ നല്ല ഫീഡ് ബാക്കാണ് തന്നത്.
പെൺകുട്ടികളുടെസിനിമ - വി.കെ. പ്രകാശ്
മകളുടെ കന്നിച്ചിത്രത്തിന് പ്രേക്ഷകരിൽനിന്നും സിനിമാ പ്രവർത്തകരിൽനിന്നും പ്രവഹിക്കുന്ന പ്രശംസകളുടെ ആഹ്ളാദാവേശങ്ങളിലാണ് വി.കെ. പ്രകാശ്.
'വാങ്കിന്റെ പ്രീവ്യു നേരത്തെ കണ്ടിരുന്നുവെങ്കിലും റിലീസ് ദിവസം കാവ്യയ്ക്കും പ്രേക്ഷകർക്കുമൊപ്പം സിനിമ കാണാൻ വി.കെ. പ്രകാശ് എറണാകുളത്തെത്തിയിരുന്നു.
'ഉണ്ണി ആറാണ് ആദ്യം കണ്ടത്. ഉണ്ണിക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നീടാണ് ഞാൻ പ്രീവ്യു കണ്ടത്. ഉണ്ണി എഴുതിയ കഥയല്ലേ. പിന്നെ ഉണ്ണിയുടെ ഒരു ഗൈഡൻസുണ്ടായിരുന്നു."
* മകളുടെ ആദ്യ സിനിമ കണ്ടപ്പോൾ?
വി.കെ. പ്രകാശ് വ്യക്തിപരമായി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വളരെ മെച്വേർഡായ ഒരു ഫിലിം. ഷബ്‌ന മുഹമ്മദ് എന്ന പെൺകുട്ടിയാണ് വാങ്കിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഇത് പെൺകുട്ടികളുടെ സിനിമയാണ്. പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നതും പെൺകുട്ടികളാണ്.
* സംവിധാനത്തിൽ അച്ഛൻ മകളെ സഹായിച്ചില്ലേ?
ഇല്ല. ഒരേയൊരു ദിവസം മാത്രമാണ് ഞാൻ സെറ്റിൽ പോയത്. ഞാനും ഉണ്ണി ആറും കൂടി ഒരു സിനിമ പ്ളാൻ ചെയ്തിരുന്നു. അതിന്റെ ഡിസ്‌ക്കഷനും മറ്റുമായി ഉണ്ണി എന്നെ കാണാൻ വന്നപ്പോഴാണ് കാവ്യ സിനിമ ചെയ്യണമെന്ന ആഗ്രഹം പറഞ്ഞത്.
'ഞാൻ നിനക്കൊരു കഥ തരാ" മെന്ന് പറഞ്ഞ് കാവ്യയ്ക്ക് ഉണ്ണി ഫ്രീയായി നൽകിയ കഥയാണ് വാങ്ക്- വി.കെ. പ്രകാശ് പറഞ്ഞു.
അനശ്വര രാജനാണ് വാങ്കിലെ റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നന്ദനവർമ്മ, ഗോപിക രമേഷ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, വിനീത്, തെസ്‌നിഖാൻ, ശ്രീകാന്ത് മുരളി, ജോയ് മാത്യു, പ്രകാശ് ബാരെ, മേജർ രവി, സരസ ബാലുശേരി തുടങ്ങിയവർക്കൊപ്പം അനശ്വരയുടെ അമ്മ വേഷത്തിൽ തിരക്കഥാകൃത്ത് ശബ്‌ന മുഹമ്മദും വേഷമിട്ടിട്ടുണ്ട്. മേജർ രവിയുടെ മകൻ അർജുൻ രവിയാണ് പി.എസ്. റഫീക്ക് ഗാനരചനയും ഒൗസേപ്പച്ചൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.