road

കഴക്കൂട്ടം: സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയും കരാറുകമ്പനിയുടെ മെല്ലെപോക്കും കാരണം കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണത്തിന് അനുബന്ധമായ സർവീസ് റോഡ് നിർമ്മാണം ഏതാണ്ട് നിലച്ചമട്ടാണ്. സ‌ർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കിയ ശേഷം എലിവേറ്റഡ് ഹൈവേ നിർമ്മാണം ആരംഭിക്കാമെന്നാണ് അധികൃതർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ഇത് പാലിക്കാതെ എലിവേറ്റഡ് ഹൈവേയുടെ പണി ആരംഭിച്ചതോടെ ബൈപാസ് ജംഗ്ഷൻ മുതൽ പൊലീസ് സ്റ്റേഷന്റെ മുൻവശം വരെയുള്ള പാത ഉഴുതുമറിച്ച പുരയിടം പോലെകിടക്കുകയാണ്. പ്രത്യേകിച്ച് മഴക്കാലം കൂടിയായാൽ അരയടി താഴ്ചയിൽ കുഴികൾ രൂപപ്പെടുകയും ചെളിക്കുണ്ടുകളായി വാഹനങ്ങൾ ആടിയുലഞ്ഞ് പോകേണ്ട സ്ഥിതിയാണ്. മഴമാറിയിട്ടും സർവീസ് റോഡ് നിർമ്മിക്കുന്ന ഭാഗത്തെ ടെലിഫോൺ വയറുകളും അനുബന്ധ ഉപകരണങ്ങളും വൈദ്യുതി പോസ്റ്രുകളും ചിലയിടത്തെ വൈദ്യുതി കമ്പികളും അടക്കമുള്ള തടസങ്ങൾ മാറ്റാൻ കഴിഞ്ഞിട്ടില്ല.

വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇതിന് കാരണമെന്ന് ആക്ഷേപമുണ്ട്. മാത്രമല്ല വേണ്ടത്ര തൊഴിലാളികളെ നിർത്തി പണി വേഗം പൂർത്തിയാക്കാൻ യാതൊരു ശുഷ്കാന്തിയും കാണിക്കാതെ ഒരുവീട് നിർമ്മാണത്തിന്റെ ലാഘവത്തോടെയാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെന്നും നാട്ടുകാർ പറയുന്നു.

ഇതുകാരണം ദേശീയപാതയിൽ ഇരുവശത്തേക്കുള്ള ഇടറോഡുകൾ പൊളിച്ചിട്ടിരിക്കുകയാണ്. ഇതോടെ ഉൾപ്രദേശത്തുള്ള നൂറുകണക്കിന് വീട്ടുകാർക്ക് വാഹനങ്ങളുമായി പുറത്തേക്ക് പോകാൻ കഴിയാത്തവസ്ഥയാണ്. കോൺഗ്രീറ്റ് തൂണുകൾ നിർമ്മിക്കുന്ന ജോലിയാണെങ്കിൽ അത് ഉറയ്ക്കാൻ ആവശ്യമായ സമയം വേണ്ടിവരുമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, സർവീസ് റോഡ് നിർമ്മാണത്തിലെ അനാവശ്യമായ ഈ ഇഴച്ചിൽ എന്തിനാണെന്ന് ആർക്കും മനസിലാകുന്നില്ല. സർവീസ് റോഡിന്റെ മെല്ലപോക്കുകാരണം ആഴ്ചകൾക്ക് മുമ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ടെത്തി വിലയിരുത്തകയും പണി വേഗത്തിലാക്കാൻ നി‌ർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും ഒച്ചിന്റെ വേഗതയിലാണ് പണി നീങ്ങുന്നത്.