വക്കം: പ്രകൃതി കനിഞ്ഞുനൽകിയ നൈസർഗിക സൗന്ദര്യത്തോടൊപ്പം കയർപിരിയുടെയും ഈറ്റില്ലമായിരുന്ന വക്കം കോടംപള്ളി ഗതകാല സ്മരണകൾ അയവിറക്കി വികസനത്തിനായി കേഴുന്നു. കയർപിരിക്കുന്ന റാട്ടുകളുടെ സംഗീതം നിലച്ച കോടംപള്ളി കടവിൽ ഇന്ന് മൂകത മാത്രമാണുള്ളത്. ഒരു കാലത്ത് വക്കം മേഖലയിലെ കയർ വ്യവസായത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു കോടംപള്ളി. മുണ്ട് കായൽ മുതൽ അണയിൽക്കടവ് വരെ നീണ്ടു കിടക്കുന്ന കായൽ തീരങ്ങളിൽ പകൽ സമയത്ത് തൊണ്ട് തല്ലുന്നതിന്റെയും കയർപിരിക്കുന്നതിന്റെയും താളം സദാ നിറഞ്ഞു നിന്നിരുന്നു. നൂറുകണക്കിന് കുടുംബങ്ങളാണ് മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നത്.
ഇന്ന് എല്ലാം നിശ്ചലമായ അവസ്ഥയിലാണ്. തൊണ്ട് അഴുക്കുന്നതിന് നൂറുകണക്കിന് മാലുകൾ ഉണ്ടാക്കിയിരുന്ന വട്ടങ്ങൾ അനാഥമായി. കയറിടുന്നതിനുള്ള കടവണ്ടികൾ മുതൽ തൊണ്ട് തല്ലുന്ന കൊട്ടുവടി വരെ നശിച്ചു. വീടുകളുടെ പ്രൗഢി വിളിച്ചോതിയിരുന്ന പാക്കളങ്ങൾ ഇന്ന് കാണാനേയില്ല. കയർപിരിച്ചിരുന്ന പുരയിടങ്ങളിലെല്ലാം കാടുമൂടി. മേഖലയോട് അധികൃതർ തുടരുന്ന അവഗണനയാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായി പഴമക്കാർ പറയുന്നത്. ഇനിയെങ്കിലും അലംഭാവം വെടിയണമെന്നും മേഖലയിലെ കയർവ്യവസായത്തിന്റെ ഗതകാല പെരുമ വീണ്ടെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് പൊതുവായുള്ള ആവശ്യം.
എങ്ങും നഷ്ടത്തിന്റെ കണക്കുമാത്രം
വിശ്രമമില്ലാതെ ജോലി ചെയ്താലും നഷ്ടം മാത്രം ഉണ്ടായതാണ് കയർമേഖലയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് തൊഴിലാളികൾ പറയുന്നത്. നേരത്തെ ഒരു കടവണ്ടിയിൽ മൂന്നുപേർ കാണുമായിരുന്നു. അവർ ഒരു വണ്ടി കയർപിരിക്കണമെന്നാണ് കണക്ക്. നൂറ്റിഇരുപത് മുതൽ നൂറ്റിനാൽപ്പത് വരെ പിടി കയറാണ് ഒരു വണ്ടി. ഇതിനായി വിശ്രമമില്ലാതെ കയർ പിരിച്ചാലും കൂലി തുച്ഛമായിരുന്നു. ഇതാണ് പരമ്പരാഗത തൊഴിലാളികൾ മേഖലയെ ഒഴിവാക്കാൻ കാരണം. ചകിരിയുടെ ലഭ്യതക്കുറവും മറ്റൊരു തിരിച്ചടിയായി. കയർഫെഡിന്റെ നേതൃത്വത്തിൽ യന്ത്രവത്കരണം നടത്തുകയും മേഖലയിൽ പുറത്തുനിന്ന് കയർ എത്തിക്കാനും ശ്രമം നടത്തിയെങ്കിലും അതും ഫലം കണ്ടില്ല.
ടൂറിസം മേഖലയ്ക്കും അവഗണന
കോടംപള്ളി മേഖലയുടെ ടൂറിസം സാദ്ധ്യതകളോടും അധികൃതർ പുറംതിരിഞ്ഞ് നിൽക്കുകയാണ്. ശരിയായ വികസനമെത്തിച്ചാൽ സഞ്ചാരികളുടെ പറുദീസയായി മാറാൻ മേഖലയ്ക്ക് കഴിയും.നേരേ മറുകരയിൽ നോക്കിയാൽ കാണുന്ന പൊന്നുംതുരുത്താണ് കോടംപള്ളിക്കടവിന്റെ ആകർഷണം. തൊട്ടടുത്തുള്ള അകത്തുമുറി കായലും ആഭ്യന്തര-വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. മൂന്ന് വശങ്ങളും കായലാൽ ചുറ്റപ്പെട്ട വക്കത്തിന് ജലഗതാഗതത്തിലൂടെ അനന്ത സാദ്ധ്യതകളാണുള്ളത്. ഇത് പ്രയോജനപ്പെടുത്താൻ അധികൃതർ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
"കയർ മേഖലയിലെ പ്രതിസന്ധിയിൽ നിന്ന് മോചനം നേടാൻ വക്കത്തെ കായലോര ടൂറിസം വികസനത്തിന് സർക്കാർ മുന്നോട്ട് വരണം."
മോഹൻദാസ് അസി. സെക്രട്ടറി സി.പി.ഐ ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി.