sec

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം ആശങ്ക പടർത്തവേ, പ്രതിരോധ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സെക്രട്ടേറിയറ്റ് കാന്റീൻ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ്.

കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നതിനു പിറ്റേന്നാണ് അതെല്ലാം ഭരണസിരാകേന്ദ്രത്തിൽ തന്നെ ലംഘിച്ചത്. ഡർബാർ ഹാളിൽ എട്ട് ബൂത്തുകളാണ് തയ്യാറാക്കിയിരുന്നത്. വോട്ടുചെയ്യാനെത്തിയവർ ബൂത്തിനകത്ത് തിങ്ങി ഞെരുങ്ങിയാണ് നിന്നത്. ബൂത്തിന് പുറത്തും വോട്ടർമാരും നേതാക്കളും അടുത്ത് ഇടപഴകുന്ന അവസ്ഥയിലായിരുന്നു.

ധന, നിയമ വകുപ്പുകളിലെ ജീവനക്കാർക്ക് സൗത്ത് കോൺഫറൻസ് ഹാളിലായിരുന്നു ബൂത്ത്.മറ്റു വകുപ്പുകളിലെ ജീവനക്കാർക്ക് ഡർബാർ ഹാളിലും. 5,500 വോട്ടർമാർക്കായി രാവിലെ 10നു തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് അഞ്ചു മണിയ്ക്കാണ് അവസാനിച്ചത് . 24 സ്ഥാനാർഥികളാണ് മത്സരിച്ചത്.