
തിരുവനന്തപുരം: വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം സൃഷ്ടിക്കുന്ന സംഘപരിവാറിനെ എതിർക്കുന്നതിന് പകരം മറ്രൊരു മതമൗലികവാദ ചേരിയുണ്ടാക്കാനാണ് യു.ഡി.എഫിന്റെ ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായും വെൽഫെയർ പാർട്ടിയുമായുണ്ടാക്കിയ രാഷ്ട്രീയസഖ്യം യു.ഡി.എഫ് തുടരുമെന്നാണ് മനസിലാവുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായി കോൺഗ്രസ് രൂപീകരിച്ച മുന്നണിയെ ജനം നിരാകരിച്ചു. പക്ഷേ നിരവധി പഞ്ചായത്തുകളിൽ ഇപ്പോൾ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയിൽ കോൺഗ്രസ് പ്രസിഡന്റുമാരായി തുടരുകയാണ്. കേരളത്തിൽ പൗരത്വ ഭേദഗതിനിയമത്തിനെതിരെ എല്ലാ വിഭാഗങ്ങളെയും യോജിപ്പിച്ച് നിറുത്താൻ ശ്രമിച്ച സി.പി.എമ്മിനെയാണ് ജമാഅത്തെ ഇസ്ലാമി എതിർക്കുന്നത്. രാമക്ഷേത്ര നിർമ്മാണത്തിന് വെള്ളി ഇഷ്ടിക കൊടുത്തയച്ചത് കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന കമൽനാഥാണ്. പോണ്ടിച്ചേരിയിൽ അടുത്ത ദിവസമാണ് കോൺഗ്രസ് മന്ത്രിമാർ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേർന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസുകാർ നിരവധി പഞ്ചായത്ത് വാർഡുകളിൽ ബി.ജെ.പിക്ക് വോട്ട് ചെയ്തു. മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷം വരുന്നവർ ജമാഅത്തെ ഇസ്ലാമിയുടെ മതാധിഷ്ഠിത നിലപാടിനെ അംഗീകരിക്കുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ഉമ്മൻ ചാണ്ടി നയിച്ചപ്പോഴാണ് നേമത്ത് ദുർബലസ്ഥാനാർത്ഥിയെ നിറുത്തി ഒ. രാജഗോപാലിന് ജയിക്കാൻ സൗകര്യമൊരുക്കിയത്. അതിന്റെ വിപുലീകരണം കോർപറേഷൻ തിരഞ്ഞെടുപ്പിലുമുണ്ടായി.
കോൺഗ്രസ് നേതൃത്വത്തിന് സ്വന്തം രാഷ്ട്രീയ നിലപാട് വിശദീകരിക്കാനാവുന്നില്ല. കേരള ചരിത്രത്തിലില്ലാത്ത വികസനമുന്നേറ്റമാണ് ഇടതുമുന്നണിയുടേത്. ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളുടെ ഗുണാംശങ്ങൾ എല്ലാവർക്കും സഹായകരമാകും വിധം പ്രയോഗത്തിലെത്തിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് അഭ്യർത്ഥിച്ചതായും വിജയരാഘവൻ അറിയിച്ചു.