തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുറഞ്ഞ ശമ്പളം 23,000 രൂപയായും കൂടിയ ശമ്പളം 1,66,800 രൂപയായും ഉയർത്താൻ ശുപാർശ ചെയ്യുന്ന പതിനൊന്നാം ശമ്പള കമ്മിഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്കു സമർപ്പിച്ചു. നിലവിൽ ഇത് യഥാക്രമം 16,500 രൂപയും, 1,22,000 രൂപയുമാണ്. പെൻഷൻ പ്രായം കൂട്ടുന്നതിനെക്കുറിച്ച് പരാമർശമില്ലാത്ത റിപ്പോർട്ടിൽ, ഈ വർഷം വിരമിക്കുന്നവർക്ക് ഒരു വർഷം കൂടി നീട്ടിനൽകാമെന്ന നിർദ്ദേശമുണ്ട്.
സാധാരണ പോലെ 27 സ്കെയിലുകളെ 83 ശമ്പള സ്കെയിലുകളാക്കിയാണ് ചെയർമാൻ കെ.മോഹൻദാസിന്റെ നേതൃത്വത്തിലുള്ള കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലെ പരിഷ്കരണ ശുപാർശകൾ. ഇത് അതേപടി നടപ്പാക്കിയാൽ സർക്കാരിന് 4810 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാകും. കഴിഞ്ഞ കമ്മിഷൻ 7500 കോടിയുടെ അധിക ബാദ്ധ്യത വരുന്ന ശുപാർശകളാണ് സമർപ്പിച്ചിരുന്നത്.
വീട്ടുവാടക അലവൻസ് കേന്ദ്ര മാതൃകയിൽ
വീട്ടുവാടക അലവൻസ് കേന്ദ്ര സർക്കാർ മാതൃകയിൽ ശമ്പളത്തിന് ആനുപാതികമായി നൽകാനാണ് ശുപാർശ. കേന്ദ്രസർക്കാർ തലസ്ഥാനത്ത് 16 ശതമാനം നൽകുമ്പോൾ, സംസ്ഥാന ജീവനക്കാർക്ക് തിരുവനന്തപുരത്ത് 10 ശതമാനം കിട്ടും. സിറ്റി കോമ്പൻസേറ്ററി അലവൻസ് റദ്ദാക്കി.
തീരുമാനം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ്
2019 ജൂലായ് ഒന്നു മുതൽ പ്രാബല്യത്തിലാകുന്ന രീതിയിൽ പരിഷ്കരണം നടപ്പാക്കാനാണ് ശുപാർശ. അടുത്ത മന്ത്രിസഭാ യോഗം രൂപീകരിക്കുന്ന മന്ത്രിസഭാ ഉപസമിതി ശുപാർശകൾ പഠിക്കും. സമിതിയുടെ ശുപാർശ പ്രകാരം നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് ശമ്പള വർദ്ധന പ്രഖ്യാപനമുണ്ടാവും.
38 ശതമാനം ഡി.എ വർദ്ധന
2019 ജൂലായ് ഒന്ന് വരെയുള്ള 28 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചാണ് പുതിയ ശമ്പളം നിശ്ചയിച്ചത്. ഇതിന്റെ കൂടെ 10 ശതമാനമാണ് വർദ്ധന. ഇതോടെ ലഭിക്കുന്നത് 2014 ലെ അടിസ്ഥാന ശമ്പളത്തിന്റെ 38 ശതമാനം വർദ്ധനവ്.
സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് വെയിറ്റേജ് ഒഴിവാക്കുകയാണെന്ന് കമ്മിഷൻ ചെയർമാൻ കെ.മോഹൻദാസ് മാദ്ധ്യമപ്രവർത്തകരോട്.
2019 നു ശേഷമുള്ള ക്ഷാമബത്ത 2022 നു ശേഷം ഗഡുക്കളായി നൽകണം.
പാർട് ടൈം കണ്ടിൻജൻസി ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 11,500 രൂപ. ഉയർന്ന ശമ്പളം 22,970.
പെൻഷനിലും 38 %വർദ്ധന
38 ശതമാനം വർദ്ധനവ് അടിസ്ഥാന പെൻഷനിൽ.
പെൻഷൻ വർദ്ധനവിനും 2019 ജൂലായ് 1 മുതൽ പ്രാബല്യം.
കുറഞ്ഞ പെൻഷൻ 11,500 രൂപയും കൂടിയത് 50,040 രൂപയും.
പെൻഷൻ, അവസാന മാസശമ്പളത്തിന്റെ പകുതി.
നിലവിൽ പത്തു മാസത്തിന്റെ ശരാശരിയാണ് പെൻഷൻ.
മാനസിക വൈകല്യമുള്ള കുട്ടികൾക്ക് പൂർണ പെൻഷൻ.
80 പിന്നിട്ട പെൻഷൻകാർക്ക് 1000 രൂപ അധിക പെൻഷൻ.
മരണ- റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി പരിധി 11 ൽ നിന്ന് 17 ലക്ഷം.